എംഎൽഎസ്സിൽ മെസിക്ക് പുതിയ എതിരാളി? സൂപ്പർതാരത്തെ റാഞ്ചാൻ അമേരിക്കൻ ക്ലബ്
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്ൻ മേജർ ലീഗ് സോക്കർ ക്ലബായ സാൻ ഡീഗോ എഫ്സിയിലെക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള ബെൽജിയൻ താരത്തിന്റെ കരാർ അവസാനിക്കാൻ ഇനി അഞ്ചു മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ ഡി ബ്രൂയ്നെ സ്വന്തമാക്കാൻ ഇതിനോടകം തന്നെ വമ്പൻ ക്ലബ്ബുകൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബെൽജിയൻ താരത്തെ സ്വന്തമാക്കാൻ എംഎൽഎസ് ക്ലബും രംഗത്തെത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
മാഞ്ചസ്റ്റർ സിറ്റിക്കായി ഈ സീസണിൽ ഡി ബ്രൂയ്ൻ 27 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. ഇതിൽ മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളും ആണ് താരം നേടിയിട്ടുള്ളത്. ഈ സീസണിൽ അത്ര മികച്ച പ്രകടനങ്ങളല്ല പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി നടത്തുന്നത്. അടുത്തിടെ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട് സിറ്റി പുറത്തായിരുന്നു.
ഈ ട്രാൻസ്ഫർ നടന്നാൽ ഇതിഹാസ താരം ലയണൽ മെസിക്കെതിരെ ഡി ബ്രൂയ്ൻ കളിക്കുന്നത് കാണാനും ഫുട്ബോൾ പ്രേമികൾക്ക് കാണാൻ സാധിക്കും. കൂടുതൽ താരങ്ങൾ മേജർ ലീഗ് സോക്കറിലേക്ക് കടന്നുവരുന്നതോടെ ലീഗിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ വലിയ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിക്കും. മെസി 2023ൽ ആയിരുന്നു അമേരിക്കൻ ഫുട്ബോളിന്റെ ഭാഗമായത്. ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജെർമെയ്നിൽ നിന്നാണ് മെസി ഇന്റർ മയാമിയിൽ എത്തിയത്. മെസിയുടെ വരവിനു പിന്നാലെ സ്പാനിഷ് താരങ്ങളായ ജോർഡി ആൽബ, സെർജിയോ ബുസ്ക്വറ്റ്സ് എന്നിവരും ഇന്റർ മയാമിയിലേക്ക് കൂടുമാറിയിരുന്നു. ഉറുഗ്വയ്ൻ താരം ലൂയി സുവാരസും മയാമിയിൽ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."