നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ എംഎൽഎ പിവി അൻവർ രൂക്ഷ വിമർശനവുമായി രംഗത്ത്. ഷൗക്കത്തിന് പിണറായി സർക്കാരിനെതിരെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അൻവർ, ഷൗക്കത്ത് വലതുപക്ഷ മനോഭാവമുള്ള ഇടതുപക്ഷവാദിയാണെന്നും സിപിഎം നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും ആരോപിച്ചു.
നിലമ്പൂരിൽ ഇടതു സ്വതന്ത്രനായി മത്സരിക്കാൻ ഷൗക്കത്ത് തീരുമാനിച്ചിരുന്നുവെന്നും, ഇതിനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി വയനാട്ടിൽ ചർച്ച നടത്തിയിരുന്നുവെന്നും അൻവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാൽ, സിപിഎം ഏരിയ, ലോക്കൽ കമ്മിറ്റികളുടെ എതിർപ്പിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കപ്പെട്ടു. "പിണറായി സർക്കാരിനെ തോൽപ്പിക്കാൻ ഷൗക്കത്തിന് കഴിയുമോ? നിലമ്പൂരിലെ ജനങ്ങളുടെ പൊതുവികാരം ഷൗക്കത്തിന് എതിരാണ്," അൻവർ കുറ്റപ്പെടുത്തി.
വിഎസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് താൻ നേരത്തെ നിർദേശിച്ചിരുന്നുവെന്നും, മലയോര മേഖലയ്ക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ ഈ നിർദേശം യുഡിഎഫ് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അൻവർ പറഞ്ഞു. എന്നാൽ, "ഗോഡ്ഫാദർമാർ" ഇല്ലാത്തതിനാൽ ജോയി തഴയപ്പെട്ടു. "ജോയിയെ സൈഡ്‌ലൈൻ ചെയ്തപ്പോൾ തഴയപ്പെട്ടത് മലയോര മേഖലയിലെ ജനങ്ങൾ മുഴുവനാണ്," അൻവർ ആരോപിച്ചു. ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് നിലമ്പൂരിലെ ജനങ്ങളുടെ പ്രതികരണം പഠിച്ച ശേഷം, രണ്ട് ദിവസത്തിനുള്ളിൽ പാർട്ടി സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അൻവർ വ്യക്തമാക്കി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രത്യാശ പ്രകടിപ്പിച്ചു. "എന്റെ പാർട്ടിയും യുഡിഎഫും നിലമ്പൂരിൽ മത്സരിക്കാൻ എനിക്ക് അവസരം നൽകിയിരിക്കുന്നു. ഇത് മലപ്പുറത്തെ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയോടെ ലഭിച്ചതാണ്. രണ്ട് തവണ നഷ്ടമായ നിലമ്പൂരിനെ തിരിച്ചുപിടിക്കാനും, ആര്യാടൻ മുഹമ്മദിന്റെ വികസന പൈതൃകം തുടരാനും ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കും," ഷൗക്കത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമായി നടത്തിയിട്ടുണ്ടെന്നും, യുഡിഎഫിന്റെ കഴിഞ്ഞകാല നേട്ടങ്ങൾ വിജയത്തിന് അടിത്തറയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ കൗണ്ട്ഡൗൺ ആരംഭിക്കുന്ന തെരഞ്ഞെടുപ്പാകും," എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിവി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂൺ 19-ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 23-ന് നടക്കും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. ഇതുവരെ നടന്ന നാല് ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫും എൽഡിഎഫും തങ്ങളുടെ സിറ്റിങ് സീറ്റുകൾ നിലനിർത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണികൾക്കും അഭിമാന പ്രശ്നമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."