രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം
ചെന്നൈ: നാടകീയമായ രാഷ്ട്രീയ നീക്കവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവുമായ ഒ. പനീർസെൽവം (ഒപിഎസ്). ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ വിടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി പ്രഭാത നടത്തത്തിനിടെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിത നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം സന്ദർശിച്ചപ്പോൾ മോദിയുമായി കൂടിക്കാഴ്ചക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്തെഴുതിയിരുന്നു. എന്നാൽ, കൂടിക്കാഴ്ച നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, സർവ ശിക്ഷാ അഭിയാൻ (എസ്എസ്എ) ഫണ്ട് വിതരണത്തിലെ കാലതാമസത്തിന്റെ പേരിൽ അദ്ദേഹം കേന്ദ്ര സർക്കാരിനെ സോഷ്യൽ മീഡിയയിൽ വിമർശിച്ചിരുന്നു. ഈ സംഭവങ്ങൾ എൻഡിഎയിൽ നിന്ന് പുറത്തുപോകാനുള്ള ഒപിഎസിന്റെ തീരുമാനത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
ഒപിഎസിന്റെ വിശ്വസ്തനും മുൻ മന്ത്രിയുമായ പന്റ്രുട്ടി എസ്. രാമചന്ദ്രനാണ് സഖ്യം വിടുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. "ഞങ്ങൾ എൻഡിഎയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ്," അദ്ദേഹം വ്യക്തമാക്കി. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒപിഎസ് സംസ്ഥാനവ്യാപകമായി പര്യടനം ആരംഭിക്കുമെന്നും രാമചന്ദ്രൻ അറിയിച്ചു. "നിലവിൽ ഒരു പാർട്ടിയുമായും സഖ്യമില്ല. തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കും," അദ്ദേഹം കൂട്ടിച്ചേർത്തു. നടൻ വിജയ്‌യുടെ തമിഴഗ വെട്രി കഴക (ടിവികെ) പാർട്ടിയുമായി സഖ്യത്തിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. കാലം എല്ലാം വ്യക്തമാക്കും, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എഐഎഡിഎംകെയിലെ പ്രമുഖ നേതാവും ബിജെപി സഖ്യകക്ഷിയുമായിരുന്ന ഒപിഎസ്, പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണ് സ്വന്തം വിഭാഗം രൂപീകരിച്ചത്. അദ്ദേഹത്തിന്റെ ഈ പുറത്തുപോകൽ 2026-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."