ഏകീകൃത തീരുമാനമില്ല; എസ്.ഐ.ആറിന് മുമ്പേ ബി.എൽ.ഒമാരെ വട്ടം കറക്കിതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
തിരൂർ:സംസ്ഥാനത്ത് ബിഹാർ മോഡൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണ(എസ്.ഐ ആർ ) ത്തിനുള്ള ഷെഡ്യൂൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പ്രാഥമിക തലത്തിൽ വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയ നടത്തുന്ന ബൂത്ത് ലെവൽ ഓഫിസർ ( ബി.എൽ ഒ) മാരെ വട്ടം കറക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെയോ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറോ പ്രത്യേക സർക്കുലർ വഴിയോ മറ്റോ നൽകാത്ത കാര്യങ്ങൾ നിർബന്ധപൂർവ്വം ചെയ്യിപ്പിച്ചാണ് ബി.എൽ.ഒമാരെ വട്ടം കറപ്പിക്കുന്നത്.
അതിനാൽ പല ജില്ലകളിലും വിവിധ താലൂക്കുകളിലും മണ്ഡലങ്ങളിലും തീർത്തും വ്യത്യസ്തമായ രീതിയിലാണ് ബി.എൽ.ഒമാർക്ക് താലൂക്ക് വിഭാഗം ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ നൽകി ജോലി ചെയ്യിപ്പിക്കുന്നത്.ചില ഇടങ്ങളിൽ ഡ്യൂട്ടി ചെയ്യാൻ അറിയിപ്പ് കൊടുക്കുന്നുണ്ടെങ്കിലും ഡ്യൂട്ടി ലീവിൻ്റെ സർട്ടിഫിക്കറ്റ് നൽകാൻ വിമുഖത കാണിക്കുന്നതായും ബി.എൽ.ഒമാർ പരാതി പറയുന്നുണ്ട്.
എസ്.ഐ.ആറിന് ഒരുങ്ങുന്നതിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ 2002ലെയും 2025 ലെയും വോട്ടർ പട്ടികകൾ പരിശോധിച്ച് താരതമ്യം ചെയ്യാനാണ് മണ്ഡലം തലങ്ങളിൽ വിവരങ്ങൾ കൈമാറാനായി ഉണ്ടാക്കിയ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലൂടെ ആദ്യം ബി.എൽ.ഒ മാർക്ക് നിർദ്ദേശം നൽകിയത്. 2002ൽ പതിനെട്ട് വയസ് പൂർത്തിയാകാത്തവരും 2025 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരുമായവരെ ഒഴിവാക്കിയാണ് മാപ്പിങ് നടത്താനാവശ്യപ്പെട്ടത്.അതിനായി 2002ലെ വോട്ടർ പട്ടികയും പ്രത്യേക ക്ലാസും വില്ലേജ് ഓഫിസുകൾ വഴി ബി.എൽ.ഒ മാർക്ക് നൽകിയിരുന്നു.
മാപ്പിങ്ങിനായി ഒരു ബി.എൽ.ഒ തന്നെ 2002ലെ അഞ്ചിലധികം ബൂത്തുകളിലെ പട്ടിക പരിശോധിക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു. 2025ലെ ആകെ വോട്ടർമാർ, 2025ലെ പട്ടികയിൽ 2002ലെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 18 വയസ്സ് പൂർത്തിയാകാത്തവർ, 2025 ലെയും 2002 ലെയും പട്ടികയിൽ ഇടം പിടിച്ചവർ, ഇടം പിടിക്കാത്തവർ എന്നിങ്ങനെ തരം തിരിച്ചുള്ള എണ്ണമാണ് ആദ്യം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. അത് സമർപ്പിച്ച് കഴിഞ്ഞപ്പോൾ ചില ജില്ലകളിലും താലൂക്കുകളിലും പ്രത്യേക എക്സൽ ഷീറ്റ് പൂരിപ്പിച്ച് മാപ്പ് ചെയ്ത് നൽകിയവരുടെ 2025 പട്ടിക പ്രകാരമുള്ള എപിക് നമ്പർ ഉൾപ്പെടെയുളള വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കംപ്യൂട്ടർ പരിജ്ഞാനമില്ലാത്തവരായ അങ്കണവാടി ജീവനക്കാരുൾപ്പടെയുള്ളവർ പ്രതിസന്ധിയിലായി.
ആപ്പ് വഴി മാപ്പിങ് നടത്താനുണ്ടായിരുന്നെങ്കിൽ ആദ്യം തന്നെ ആ നിർദേശം നൽകിയാൽ മതിയായിരുന്നില്ലെ എന്നാണ് ബി.എൽ.ഒ മാർ ചോദിക്കുന്നത്.ബി.എൽ.ഒമാരുടെ പ്രവർത്തനങ്ങൾ ഏകോപന സ്വഭാവത്തിലാകാൻ കേന്ദ്ര ഇലക്ഷൻ കമ്മിഷനോ അല്ലെങ്കിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറോ സർക്കുലർ മുഖാന്തിരം ഇറക്കിയാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്നും ബി.എൽ.ഒമാർ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."