കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം; പുലിപ്പല്ല് കേസ് അന്വേഷണത്തിൽ
കൊച്ചി: പ്രശസ്ത റാപ്പർ വേടനെതിരെ കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ച് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലിസ്. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചതായി കുറ്റപത്രത്തിൽ പൊലിസ് വ്യക്തമാക്കി. ഏപ്രിൽ 28-ന് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് പൊലിസ് കഞ്ചാവ് പിടികൂടിയത്. കേസിൽ വേടനടക്കം 9 പേർ പ്രതികളാണ്. അഞ്ച് മാസത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
വേടന്റെ ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവ്, കഞ്ചാവ് പൊടിക്കാനുള്ള ക്രഷർ, ചുരുട്ടാനുള്ള പേപ്പർ, ത്രാസ് എന്നിവ പൊലീസ് കണ്ടെടുത്തു. 9.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫ്ലാറ്റിന്റെ ഹാൾ നിറയെ കഞ്ചാവിന്റെ പുകയും രൂക്ഷമായ ഗന്ധവുമായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു.
തീൻമേശയ്ക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പിടിയിലായത്. എഫ്‌ഐആർ പ്രകാരം, കഞ്ചാവ് ചാലക്കുടിയിലെ ആഷിഖിൽ നിന്നാണ് പ്രതികൾ വാങ്ങിയത്. ബീഡിയിൽ നിറച്ചാണ് ഇവർ കഞ്ചാവ്ഉ പയോഗിച്ചിരുന്നത്. കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ എട്ട് അംഗങ്ങളെയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വേടന് പുറമെ, ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശികളായ വൈഷ്ണവ് ജി. പിള്ള, വിഗനേഷ് ജി. പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി. റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കഞ്ചാവ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ വേടനെതിരെ പുലിപ്പല്ല് കേസും രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."