ആരോഗ്യപ്രവർത്തകരുടെ സുരക്ഷ: ഇന്റലിജൻസിൻ്റെ ഓഡിറ്റ് റിപ്പോർട്ട് 'ഫ്രീസറിൽ'; മുഖ്യമന്ത്രിയുടെ നിർദേശവും നടപ്പായില്ല
കോഴിക്കോട്: സംസ്ഥാനത്തെ ആശുപത്രികളിലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ട് 'ഫ്രീസറിൽ'. 2023 ൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗം ആശുപത്രികളുടെ സുരക്ഷാ ഓഡിറ്റ് നടത്തിയത്.
ഇന്റലിജൻസ് റേഞ്ച് എസ്.പിമാരുടെ നേതൃത്വത്തിലായിരുന്നു സർക്കാർ ആശുപത്രികളിലെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കിയത്. സർക്കാർ ആശുപത്രികളിൽ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നതായിരുന്നു റിപ്പോർട്ടിലെ പ്രധാന പരാമർശം. പല ആശുപത്രികളിലും ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്കായി ജീവനക്കാരില്ലാത്ത സ്ഥിതിയാണെന്നും ഇത് ഗുരുതര സുരക്ഷാ വീഴ്ചകൾക്ക് കാരണമാകുമെന്നുമായിരുന്നു ഇന്റലിജൻസിന്റെ കണ്ടെത്തൽ.
മെഡി. കോളജുകൾ, ജില്ലാ - ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ആരോഗ്യകേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ആരോഗ്യപ്രവർത്തകരുടെ സുരക്ഷ കൂടി മുൻനിർത്തി സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കണമെന്നായിരുന്നു നിർദേശം. ഇതിന് പുറമേ അത്യാഹിത വിഭാഗം, ഒ.പികൾ, ആശുപത്രി പരിസരം എന്നിവിടങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു.
ആശുപത്രികൾക്ക് ചുറ്റുമതിൽ നിർമിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ആശുപത്രികളിൽ ശരിയായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്നും പറഞ്ഞിരുന്നു. റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് സമർപ്പിച്ചെങ്കിലും നടപ്പാക്കുന്നതിൽ വീഴ്ചവരുത്തി.
പൊലിസ് ഔട്ട്പോസ്റ്റും വന്നില്ല
ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ പൊലിസ് ഔട്ട്പോസ്റ്റുകൾ (എയ്ഡ് പോസ്റ്റ്) സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കാൻ നിർദേശിച്ചത്.
ആദ്യ വിഭാഗത്തിൽ മെഡി. കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രികൾ എന്നിവയായിരുന്നു ഉൾപ്പെടുത്തിയത്. ഇവിടങ്ങളിൽ പൊലിസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കാനും സബ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അല്ലെങ്കിൽ സിവിൽ പൊലിസ് ഓഫിസർമാരിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഇതിനായി ഡെപ്യൂട്ടേഷനിൽ വിന്യസിക്കാനുമായിരുന്നു നിർദേശം.
മറ്റ് ആശുപത്രികളിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാനും നിർദേശിച്ചിരുന്നു. എന്നാൽ പലയിടങ്ങളിലും ഇവ പൂർണമായും യാഥാർഥ്യമായില്ല. പല ജില്ലകളിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിൽ പോലും എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."