ആര്‍സിസിയില്‍ കാന്‍സര്‍ മരുന്ന് മാറി നല്‍കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: റീജനല്‍ കാന്‍സര്‍ സെന്ററില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. സെന്ററില്‍ തലച്ചോറിലെ കാന്‍സറിനു ചികിത്സയിലുള്ളവര്‍ക്ക് ശ്വാസകോശ കാന്‍സര്‍ ബാധിതര്‍ക്കുള്ള കീമോതെറാപ്പി ഗുളികകള്‍ മാറി നല്‍കിയെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കാണ് അന്വേഷണ ചുമതല. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു. ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് കണ്ടെത്തണം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കമ്മീഷനെ അറിയിക്കണം. മരുന്ന് മാറി നല്‍കിയെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആര്‍സിസി ഡയറക്ടറും സമഗ്രാന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അതേസമയം ഒരു ബാച്ചില്‍ മാത്രമാണ് പിഴവ് കണ്ടെത്തിയതെന്നും ആര്‍ക്കും ആരോഗ്യപ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആര്‍സിസി വിശദീകരിച്ചു. മരുന്ന് നിര്‍മിച്ച ഗുജറാത്തിലെ ഗ്ലോബെല ഫാര്‍മയ്ക്കെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ കേസെടുത്തു. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നും ആര്‍.സി.സി അറിയിച്ചു.
ഗുജറാത്തിലെ ഗ്ലോബെല ഫാര്‍മ നിര്‍മിച്ച ടെമൊസോളോമൈഡ്100 എന്ന ഗുളികയുടെ അഞ്ച് ഗുളികകള്‍ വരുന്ന കുപ്പിയുടെ പാക്കിങിലാണ് പിഴവ് സംഭവിച്ചത്. ടെമൊസോളോമൈഡ്100 എന്ന പേരുള്ള പേപ്പര്‍ ബോക്സില്‍ എറ്റോപോസൈഡ് 50 എന്ന ഗുളികയുടെ കുപ്പിയാണ് വിതരണം ചെയ്തത്. കുപ്പിക്കു പുറത്തും എറ്റോപോസൈഡ് 50 എന്നായിരുന്നു. എട്ട് ഗുളികയായിരുന്നു ഓരോ കുപ്പിയിലും ഉണ്ടായിരുന്നത്. ഡ്രഗ്സ് കണ്‍ട്രോളറുടെ പരിശോധനയിലും ബോക്സിനുള്ളില്‍ ഈ ഗുളികയാണെന്നു സ്ഥിരീകരിച്ചു.മരുന്ന് മാറിയ വിവരം അറിഞ്ഞതോടെ വിതരണം പൂര്‍ണമായും നിര്‍ത്തിവെച്ചു. മരുന്ന് നല്‍കിയ രണ്ടായിരത്തോളം രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, നേരത്തേ വിതരണം ചെയ്ത ബോക്സുകളിലും മരുന്നുകള്‍ മാറിയിരുന്നോ എന്ന് വ്യക്തതവരുത്താനായി ഫാര്‍മസിയില്‍നിന്ന് ഒരു മാസത്തിനിടെ എറ്റോപോസൈഡ് വാങ്ങിയ രോഗികളുടെ വിവരം ശേഖരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."