തിരുവനന്തപുരത്ത് ക്രൂര കൊലപാതകം; മരുമകൻ അമ്മാവനെ തല്ലിക്കൊന്നു, പ്രതി പിടിയിൽ
തിരുവനന്തപുരം: കുടപ്പനക്കുന്നിൽ ഞെട്ടിക്കുന്ന കൊലപാതകം. മരുമകൻ രാജേഷ് (32) അമ്മാവനായ സുധാകരനെ (58) തല്ലിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് മണ്ണന്തലയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒരേ വീട്ടിൽ താമസിച്ചിരുന്ന ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
സുധാകരനെ രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി മർദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പൊലിസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയും മദ്യലഹരിയിൽ എത്തിയ രാജേഷ് അമ്മാവനെ ക്രൂരമായി മർദിച്ചു. ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുധാകരൻ മരണപ്പെട്ടു. ശനിയാഴ്ച രാവിലെ, അമ്മാവനെ കുളിപ്പിക്കാൻ എന്ന വ്യാജേന രാജേഷ് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലിസ് എത്തുമെന്ന് മനസിലാക്കിയ രാജേഷ് സംഭവസ്ഥലത്ത് നിന്ന് കടന്നു. എന്നാൽ, മണ്ണന്തലയിൽ നിന്ന് അധികം വൈകാതെ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ച രാജേഷിന്റെ എതിരാളികളായ ഒരു ഗുണ്ടാസംഘം ഈ വീടിന് നേരെ ബോംബെറിഞ്ഞ് ആക്രമണം നടത്തിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ക്രൂര കൊലപാതകം നടന്നത്.പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാജേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."