5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?
ചണ്ഡിഗഢ്: കൈക്കൂലി കേസിൽ പഞ്ചാബ് പൊലിസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) ഹർചരൺ സിംഗ് ഭുള്ളറെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മൊഹാലിയിലെ ഓഫീസിൽ നിന്ന് ഇന്നലെ വൈകിട്ട് സി.ബി.ഐ നടത്തിയ റെയ്ഡിലാണ് ഭുള്ളറെ കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക വസതിയിലും, വീട്ടിലുമായി നടത്തിയ റെയ്ഡിൽ നിന്ന് ഏകദേശം 5 കോടി രൂപ, ആഡംബര വാഹനങ്ങളും നിരവധി വാഹനങ്ങളുടെ താക്കോലുകൾ , 22 ആഡംബര വാച്ചുകൾ, 40 ലിറ്റർ ഇറക്കുമതി ചെയ്ത മദ്യം, തോക്കുകൾ, വിലകൂടിയ ആഭരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.
ഫത്തേഗഡ് സാഹിബ് ജില്ലയിലെ മണ്ടി ഗോബിന്ദ്ഗഡിലെ ആക്രി ഡീലർ ആകാശ് ബട്ട എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 2023-ൽ നടന്ന വ്യാജ ബില്ല് നിർമാണ കേസ് ഒത്തുതീർപ്പാക്കാൻ 8 ലക്ഷം രൂപ കൈക്കൂലിയായി ഭുള്ളർ ആവശ്യപ്പെട്ടതായി ബട്ട ആരോപിച്ചു. ഒക്ടോബർ 11-ന് ചണ്ഡിഗഢിലെ സിബിഐ അഴിമതി വിരുദ്ധ ബ്രാഞ്ചിൽ രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ ഇടനിലക്കാരനായ കിർഷനു എന്നയാളെയും സിബിഐ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിൽ നിന്ന് 21 ലക്ഷം രൂപ പിടിച്ചെടുത്തു. രണ്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതായി സിബിഐ വ്യക്തമാക്കി.
2007 ബാച്ച് ഐപിഎസ് ഓഫീസറായ ഹർചരൺ സിംഗ് ഭുള്ളർ നിലവിൽ റോപ്പർ റേഞ്ചിലെ ഡിഐജിയാണ്. മുമ്പ് പട്യാല റേഞ്ചിലും ഡിഐജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ച്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയയെ ചോദ്യം ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു.
പിടിച്ചെടുത്ത സ്വത്തുക്കൾ
പണം: ഏകദേശം 5 കോടി രൂപ.
വാഹനങ്ങൾ: മെർസിഡസ്, ഓഡി തുടങ്ങിയ ആഡംബര കാറുകളും താക്കോലുകളും.
മറ്റ് വസ്തുക്കൾ: 22 ആഡംബര വാച്ചുകൾ, 1.5 കിലോ ആഭരണങ്ങൾ, 40 ലിറ്റർ ഇറക്കുമതി മദ്യം, ഡബിൾ ബാരൽ തോക്ക്, പിസ്റ്റൽ, റിവോൾവർ, എയർഗൺ, ലോക്കർ സ്വത്തുക്കൾ, ഭുമി രേഖകൾ
CBI arrested Punjab Police DIG Harcharan Singh Bhullar.cbi arrest. punjab dig bhuller.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."