കടം ചോദിച്ചു കൊടുത്തില്ല; സ്വര്‍ണം മോഷ്‌ടിക്കാൻ പൊലിസുകാരൻ്റെ ഭാര്യ തീകൊളുത്തിയ ആശാ വർക്കർ മരിച്ചു
പത്തനംതിട്ട: സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച പൊലിസുകാരന്റെ ഭാര്യയുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായ പൊള്ളലേറ്റ ആശാവർക്കർ മരണപ്പെട്ടു. കീഴ്‌വായ്പ്പൂർ സ്വദേശിനി ലതാകുമാരി (61) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജീവന്‍ നഷ്ടപ്പെട്ടത്. ഒക്ടോബർ 9-ന് നടന്ന നാടിനെ നടുക്കിയ സംഭവത്തിൽ പ്രതിയായ സുമയ്യയെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചികിത്സയിലിരിക്കെ പൊലിസിന് മൊഴി നൽകിയ ലതാകുമാരി, സ്വർണമോഷണ ശ്രമം തടയാൻ ശ്രമിച്ചതിനെത്തുടർന്ന് സുമയ്യയുടെ ആക്രമണത്തിൽ പൊള്ളലേറ്റതെന്ന് വെളിപ്പെടുത്തിയിരുന്നു. സമീപത്തെ പൊലിസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുമയ്യ, ഭർത്താവായ സിവിൽ പൊലിസ് ഓഫിസറെ അറിയിക്കാതെ നടത്തിയ ഓഹരി ട്രേഡിങിലൂടെ ഉണ്ടായ ലക്ഷക്കണക്കിന് രൂപയുടെ കടം തീർക്കാനായിരുന്നു ഈ മോഷണശ്രമം. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പൊലിസിന് മൊഴി നൽകിയ സുമയ്യ, ഈ ബാധ്യതകളാണ് താൻ ചെയ്ത കുറ്റകൃത്യത്തിന്റെ കാരണമെന്ന് സമ്മതിച്ചു. നിലവിൽ റിമാൻഡിലാണ് പ്രതി.
സുമയ്യയും ലതാകുമാരിയും അയൽവാസികളായിരുന്നു.ലതാകുമാരിയോട് നേരത്തെ ഒരു ലക്ഷം രൂപ കടം ചോദിച്ച സുമയ്യ, അത്രയും തുക കൈയ്യിൽ ഇല്ലെന്ന് ലത പറഞ്ഞു. പിന്നീട് സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടെങ്കിലും, അതിനും ലത വിസമ്മതിച്ചു. ഇതിന്റെ പ്രതികാരമായി ഒക്ടോബർ 9-ന് രാത്രി സുമയ്യ ലതാകുമാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി. കഴുത്തിൽ തുണി ചുറ്റി കൊല്ലാൻ ശ്രമിച്ചു, മുഖത്ത് കത്തി കൊണ്ട് മുറിവേൽപ്പിച്ചു. സ്വർണമോഷണം തടയാൻ ശ്രമിച്ച ലതയെ തീകൊളുത്തി സ്ഥലം വിട്ടു. മാല, വളതുടങ്ങിയ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു.
ആദ്യം തീപിടുത്തമായി സംശയിച്ച പൊലിസ്, അന്വേഷണത്തിലൂടെ സംഭവത്തിന്റെ യഥാർത്ഥ മുഖം കണ്ടെത്തി. 80% പൊള്ളലേറ്റ ലതാകുമാരിയെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും, ഗുരുതരമായ പോള്ളൽ മൂലം മരണം സംഭവിച്ചു.
സമാന സംഭവങ്ങൾ: കടബാധ്യതകളുടെ ഇരകൾ
ഈ സംഭവം കേരളത്തിലെ സമീപകാല മോഷണക്കേസുകളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം കോഴിക്കോട് സ്വദേശി അഖിലിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഓഹരി നഷ്ടം നികത്താനുള്ള ശ്രമത്തിനിടെ മല്ലിശ്ശേരി താഴം മധു എന്നയാളുടെ വീട്ടിൽ നിന്ന് 25 പവൻ സ്വർണം മോഷ്ടിച്ച കേസിലാണ് അഖിൽ പിടിയിലായത്. ചേവായൂർ പൊലിസും സ്പെഷ്യൽ സ്ക്വാഡും ചേർന്നുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്.
കാസർകോട് ചന്തേര മാണിയാട്ടിലെ മറ്റൊരു സംഭവവും ചർച്ചയായിരുന്നു. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ കള്ളൻ 22 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. എന്നാൽ, ആഭരണങ്ങൾക്കിടയിലെ മുക്കുപണ്ടം മാറ്റിവയ്ക്കാൻ മറന്നതിനാൽ പൊലിസിന് നിർണായക തെളിവ് ലഭിച്ചു. ഈ സംഭവങ്ങൾ സാമ്പത്തിക പ്രതിസന്ധികൾ മൂലം വർധിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.
പൊലിസ് അന്വേഷണം തുടരുകയാണ്. സുമയ്യയുടെ ഭർത്താവിന്റെ പങ്കും ഓഹരി ട്രേഡിങ് ഇടപാടുകളും വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."