ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന് ഇ.പി ജയരാജന്‍
കണ്ണൂര്‍: താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരെയുള്ള സമരത്തില്‍ നുഴഞ്ഞു കയറ്റക്കാരെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. നുഴഞ്ഞു കയറിയവരുണ്ടാക്കിയ ആസൂത്രിത ആക്രമണമാണ് കോഴിക്കോട് കട്ടിപ്പാറയില്‍ നടന്നത്. അക്രമി സംഘത്തില്‍ ഡി.വൈ.എഫ്.ഐക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും സമരം ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്നും ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടു.
അതേസമയം, പി.എം ശ്രീ പദ്ധതിയില്‍ സി.പി.ഐക്ക് അവ്യക്തതയുണ്ടോയെന്ന അറിയില്ലെന്നും കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തു മുന്നോട്ടു പോകുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഓരോ പാര്‍ട്ടിക്കും വ്യക്തമായ നിലപാടുകള്‍ ഉണ്ടാകാം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യും. ഇടതുമുന്നണി സുശക്തമാണ്. മുന്നണിയെ ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
അഞ്ചുവര്‍ഷമായി തുടരുന്ന ദുരിതം
അഞ്ചുവര്‍ഷമായി തുടരുന്ന ദുരിതത്തിന് അറുതിവരുത്താന്‍ ഒരു നാട് മുന്നേറിയതിന്റെ ഫലമാണ് ഇന്നലെ ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് തീയിട്ടതിലേക്കും അക്രമസംഭവത്തിലേക്കും നയിച്ചത്. ആയിരക്കണക്കിന് ആളുകളെ സാരമായി ബാധിക്കുന്ന കട്ടിപ്പാറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ഇരകള്‍ നടത്തിയ റോഡ് ഉപരോധം ഇന്നലെ രാവിലെ 10നാണ് ആരംഭിച്ചത്.
നാല് പഞ്ചായത്തുകളില്‍നിന്നായി അഞ്ച് ജനപ്രതിനിധികള്‍ സമരത്തിന് നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേര്‍ സമരത്തില്‍ പങ്കാളികളായി. ഇതിനിടെ സമരസമിതി നേതാക്കളെ അന്വേഷിച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൊലിസ് വീടുകളിലെത്തിയിരുന്നു. ഇത് ഏറെ പ്രതിഷേധത്തിന് കാരണമായി. സ്ഥലത്ത് പൊലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സമരക്കാര്‍ക്ക് മുന്നറിയിപ്പ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് വൈകിട്ട് അക്രമാസക്തമായി ഫാക്ടറിയിലേക്ക് കയറുകയും തല്ലിപ്പൊളിക്കുകയും തീയിടുകയും ചെയ്തു. വാഹനങ്ങളും തല്ലിത്തകര്‍ത്തു. വന്‍സംഘര്‍ഷമാണ് നടന്നത്.
പൊലിസിന് നേരെയും അക്രമമുണ്ടായി. സംഭവത്തെ തുടര്‍ന്ന് ദേശീയപാത 766ല്‍ താമരശേരിയില്‍ ഏറെനേരം ഗതാഗതതടസം നേരിട്ടു. പരുക്കേറ്റ സമരക്കാരെയും പൊലിസുകാരെയും താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടി.ഫാക്ടറിയില്‍ നിന്നുയരുന്ന ദുര്‍ഗന്ധത്താല്‍ മാസങ്ങളോളം സമരം നടത്തിയതിനെ തുടര്‍ന്ന് ഒരു മാസം ഫാക്ടറി അടച്ചിട്ട് നവീകരണം നടത്തി പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിരുന്നത്. നവീകരണം പൂര്‍ത്തീകരിച്ചിട്ടും ദുര്‍ഗന്ധത്തിന് ശമനമില്ല. പഞ്ചായത്ത് ലൈസന്‍സോ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റോ നിലവില്‍ കമ്പനിയ്ക്ക് പുതുക്കി നല്‍കിയിട്ടില്ല.
പറഞ്ഞും പ്രതിഷേധിച്ചും പരാതി നല്‍കിയും മടുത്താണ് നാട്ടുകാര്‍ സമരരംഗത്തെത്തിയതും അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയതും.
ഇന്ന് ഹര്‍ത്താല്‍
താമരശേരി: ഫ്രഷ്‌ക്കട്ട് വിരുദ്ധ ജനകീയ സമരക്കാര്‍ക്ക് നേരെ പൊലിസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഇന്ന് താമരശേരി പഞ്ചായത്തിലെ വെഴുപ്പൂര്‍,കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓര്‍ങ്ങട്ടൂര്‍, മാനിപുരം എന്നീ വാര്‍ഡുകളില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ പ്രസ്താവിച്ചു.
English Summary: CPM central committee member E.P. Jayarajan has alleged that intruders infiltrated the protest against the Fresh Cut meat waste treatment plant in Thamarassery, leading to the violent incidents reported in Kattippara, Kozhikode.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."