വിമാനയാത്രയ്ക്കിടെ കൗമാരക്കാരെ കുത്തി, യാത്രക്കാരിയെ മർദിച്ചു; ഇന്ത്യൻ യുവാവ് യുഎസിൽ അറസ്റ്റിൽ
വാഷിങ്ടൺ: വിമാനയാത്രയ്ക്കിടെ സഹയാത്രികരായ കൗമാരക്കാരെ കുത്തിപ്പരിക്കേൽപ്പിക്കുകയും ഒരു യാത്രക്കാരിയെ മർദിക്കുകയും ചെയ്ത ഇന്ത്യൻ യുവാവ് അമേരിക്കയിൽ അറസ്റ്റിലായി. ഇരുപത്തെട്ടുകാരനായ പ്രണീത് കുമാർ ഉസിരിപ്പള്ളി ആണ് സഹയാത്രികരെ ആക്രമിച്ചതിനും വിമാനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും അറസ്റ്റിലായത്.
ഷിക്കാഗോയിൽനിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിലാണ് സംഭവം നടന്നത്.ലോഹ നിർമിതമായ ഫോർക്ക് ഉപയോഗിച്ചാണ് പ്രണീത് കുമാർ യാത്രക്കാരെ ആക്രമിച്ചത്.17 വയസ്സുള്ള രണ്ട് കൗമാരക്കാരായ സഹയാത്രികരെയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. ഒരാളുടെ തോളത്തും മറ്റൊരാളുടെ തലയ്ക്ക് പിന്നിലുമാണ് കുത്തേറ്റത്.ആക്രമണത്തെ തുടർന്ന് ക്രൂ അംഗങ്ങൾ പ്രണീതിനെ തടയാൻ ശ്രമിച്ചു. ഈ സമയം പ്രണീത് കുമാർ കൈകളുയർത്തി, വിരലുകൾ തോക്ക് പോലെ പിടിച്ച് വായിൽ വെച്ച് കാഞ്ചിവലിക്കുന്നതുപോലെ കാണിച്ചു.പിന്നാലെ ഒരു യാത്രക്കാരിയെ മർദിക്കുകയും ക്രൂ അംഗങ്ങളിലൊരാളെ അടിക്കാൻ ശ്രമിക്കുകയും ചെയ്തു.
ബോസ്റ്റണിൽ വിമാനം നിലത്തിറക്കി
അക്രമസംഭവങ്ങളെ തുടർന്ന് വിമാനം വഴിതിരിച്ച് ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറത്തുകയും, അവിടെയെത്തിയ ഉടൻ പ്രണീതിനെ പൊലിസിന് കൈമാറുകയും ചെയ്തു.അമേരിക്കയിൽ സ്റ്റുഡന്റ് വിസയിലെത്തിയ ആളാണ് പ്രണീത് കുമാർ ഉസിരിപ്പള്ളി എന്നാണ് വിവരം. വിമാനത്തിനുള്ളിൽ സഹയാത്രികരെ ആക്രമിച്ചതിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും ശിക്ഷിക്കപ്പെടുന്ന പക്ഷം പ്രണീതിനെതിരെ പത്തുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."