44ാമത് ഷാര്‍ജ പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍നിന്ന് 250ലേറെ എഴുത്തുകാരും കലാകാരന്മാരും; 2350ലേറെ പ്രസാധകര്‍
ഷാര്‍ജ: ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ) ആഭിമുഖ്യത്തില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മൂന്നു പുസ്തക മേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തി(എസ്.ഐ.ബി.എഫ് 2025)ന്റെ 44ാമത് എഡിഷന്‍ ഇന്നാരംഭിക്കും.
'നിങ്ങള്‍ക്കും പുസ്തകത്തിനുമിടയില്‍' എന്ന പ്രമേയത്തിലുള്ള ഈ വര്‍ഷത്തെ പുസ്തക മേളയ്ക്ക് രാവിലെ ഔപചാരിക ഉദ്ഘാടനം നടക്കും. ഉച്ചയ്ക്ക് ശേഷം മാത്രമേ പൊതു സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരിക മഹോത്സവത്തില്‍ ഇന്ത്യയില്‍ നിന്നടക്കം 66 രാജ്യങ്ങളില്‍ നിന്ന് 250ലേറെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും. ഇവര്‍ 1,200ലധികം കലാസാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മേളയുടെ ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായി. മലയാളത്തില്‍ നിന്നുള്‍പ്പെടെ പ്രസാധകരും ചില എഴുത്തുകാരും ഷാര്‍ജയിലെത്തിക്കഴിഞ്ഞു.
യു.എ.ഇ സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഈ മാസം 16 വരെയാണ് പുസ്തക മേള നടക്കുക. എസ്.ബി.എ ഒരുക്കുന്ന മേളയില്‍ 2,350ലേറെ പ്രസാധകരാണ് ഇക്കൊല്ലം അണിനിരക്കുന്നത്. ഇതില്‍ 1,224 അറബ് പ്രസാധകരും 1,126 രാജ്യാന്തര പ്രസാധകരും ഉള്‍പ്പെടുന്നു. വായനക്കാര്‍ക്കായി ലക്ഷക്കണക്കിന് ശീര്‍ഷകങ്ങളാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.
അതിഥി രാജ്യം ഗ്രീസ്
ഈ വര്‍ഷത്തെ അതിഥി രാജ്യം ഗ്രീസ് ആണ്. ഗ്രീസിന്റെ സുദീര്‍ഘ സാംസ്‌കാരിക പാരമ്പര്യത്തെ ആദരിച്ചാണ് ഗ്രീസിനെ 2025ലെ അതിഥി രാഷ്ട്രമായി തിരഞ്ഞെടുത്തത്. 58 ഗ്രീക്ക് പ്രസാധകരും 70 ഗ്രീക്ക് പ്രതിഭകളും പരിപാടികളില്‍ സജീവമാകും. ഗ്രീക്ക് പവലിയനില്‍ 'ഗ്രീക്ക് സാഹിത്യം: ദി ലോങ് ജേണി' എന്ന പേരില്‍ സവിശേഷമായൊരു പ്രദര്‍ശനവുമുണ്ടാകും.
മുഹമ്മദ് സല്‍മാവി സാംസ്‌കാരിക വ്യക്തിത്വം
അറബ് ലോകത്തും നാടക രംഗത്തും അഞ്ച് പതിറ്റാണ്ടിലേറെയായി മികച്ച സംഭാവനകള്‍ നല്‍കിയ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ മുഹമ്മദ് സല്‍മാവിയെയാണ് 44ാം എഡിഷനില്‍ സാാംസ്‌കാരിക വ്യക്തിത്വമായി ആദരിക്കുന്നത്. ത്രില്ലര്‍ ഫെസ്റ്റിവലും കവിതാ സായാഹ്നങ്ങളും ക്രൈം, മിസ്റ്ററി വിഭാഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ഈ മാസം 8 മുതല്‍ 11 വരെ ത്രില്ലര്‍ ഫെസ്റ്റിവലിന്റെ നാലാം പതിപ്പും നടക്കും. കൂടാതെ, അറബിക്, ഇംഗ്ലിഷ്മലയാളം ഉള്‍പ്പെടെ എട്ട് ഭാഷകളിലെ കവികള്‍ക്കായി പോയട്രി കഫേയും സജ്ജമാക്കിയിട്ടുണ്ട്. 750 ശില്‍പശാലകകളും 35 ലൈവ് കുക്കിങ് സെഷനുകളും മേളയുടെ ആകര്‍ഷണങ്ങളാണ്.
ബാനു മുഷ്താഖ്, ഹുസൈന്‍ സെയ്ദി, സച്ചിദാനന്ദന്‍, കെ.ആര്‍ മീര, ഇ. സന്തോഷ് കുമാര്‍ ഔദ്യോഗിക അതിഥികള്‍
ഇന്ത്യയില്‍നിന്നും മലയാളത്തില്‍ നിന്നും ഈ വര്‍ഷവും പ്രഗത്ഭ എഴുത്തുകാരെത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ജേതാവ് കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ്, മുംബൈയിലെ ക്രൈം റിപ്പോര്‍ട്ടറും ത്രില്ലര്‍ നോവലുകളുടെ എഴുത്തുകാരനുമായ ഹുസൈന്‍ സെയ്ദി, കവി സച്ചിദാനന്ദന്‍, എഴുത്തുകാരും വയലാര്‍ അവാര്‍ഡ് ജേതാക്കളുമായ കെ.ആര്‍ മീര, ഇ.സന്തോഷ് കുമാര്‍ എന്നിവര്‍ ഇത്തവണത്തെ മേളയില്‍ ഔദ്യോഗിക അതിഥികളായി പങ്കെടുക്കും. മലയാള സാഹിത്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ലോക വേദിയില്‍ അവതരിപ്പിക്കാന്‍ ഇത് വേദിയാകും. ഇന്ത്യന്‍ സാഹിത്യത്തെ ലോകവേദിയിലെത്തിച്ച വിജയത്തിളക്കവുമായാണ് ബാനു മുഷ്താഖിന്റെ വരവ്. രാജ്യാന്തര ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ കന്നഡ എഴുത്തുകാരിയാണ് അവര്‍. ബാനുവിന്റെ ബുക്കര്‍ നേടിയ കഥാസമാഹാരം 'ഹാര്‍ട്ട് ലാംപും' മേളയിലെ പ്രധാന ആകര്‍ഷണമാകും.
അഡിച്ചി, റോവെല്ലി, വില്‍ സ്മിത്, പോള്‍ ലിഞ്ച്...
ഡിജിറ്റല്‍ ലോകത്തെ ശ്രദ്ധേയ എഴുത്തുകാരായ ഇന്ത്യയില്‍ നിന്നുള്ള പ്രജക്ത കോളി (മോസ്റ്റ്‌ലി സെയിന്‍), പായല്‍ അറോറ തുടങ്ങിയവരും സാന്നിധ്യമറിയിക്കും. നൈജീരിയന്‍ സാഹിത്യത്തിലെ അതികായയും ലോകമെമ്പാടും സ്വാധീനം ചെലുത്തിയ എഴുത്തുകാരിയുമായ ചിമാമണ്ട എന്‍ഗോസി അഡിച്ചി ഇത്തവണ ഷാര്‍ജയില്‍ അരങ്ങേറ്റം കുറിക്കും. 'ഡ്രീം കൗണ്ട് (2025)' എന്ന ഏറ്റവും പുതിയ നോവലുമായാണ് ചിമാമണ്ട എത്തുന്നത്. 'അമേരിക്കാന', 'ഹാഫ് ഓഫ് എ യെല്ലോ സണ്‍' തുടങ്ങിയ അവരുടെ കൃതികള്‍ 55ലേറെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഭൗതിക ശാസ്ത്രത്തെയും തത്ത്വചിന്തയെയും കൂട്ടിയിണക്കി ശ്രദ്ധേയനായ ഇറ്റാലിയന്‍ ഭൗതിക ശാസ്ത്രജ്ഞനും ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനുമായ പ്രഫ. കാര്‍ലോ റോവെല്ലിയും അതിഥിയായെത്തും. സിനിമാ ലോകത്തെ ഇതിഹാസ താരമായ വില്‍ സ്മിത്തിന്റെ സാന്നിധ്യമാണ് ഇപ്രാവശ്യത്തെ ഏറ്റവും വലിയ ആകര്‍ഷണം. 14ന് നടക്കുന്ന സെഷനില്‍ അദ്ദേഹം തന്റെ മൂന്ന് പതിറ്റാണ്ടു കാലത്തെ സിനിമാസംഗീതസംരംഭകത്വ അനുഭവങ്ങള്‍ പങ്കു വയ്ക്കും.
2023ലെ ബുക്കര്‍ സമ്മാനം നേടിയ ഐറിഷ് എഴുത്തുകാരന്‍ പോള്‍ ലിഞ്ചും ഷാര്‍ജ പുസ്തകമേളയുടെ താരനിരയിലുണ്ട്. 'പ്രൊഫറ്റ് സോങ്' എന്ന നോവലിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ എഴുത്തുകള്‍ മനുഷ്യന്റെ അതിജീവനത്തിന്റെയും അവസ്ഥാന്തരങ്ങളുടെയും വൈകാരികമായ ആഖ്യാനങ്ങളാല്‍ ശ്രദ്ധേയമാണ്. ഇവര്‍ക്ക് പുറമെ, ബ്രിട്ടിഷ് മനഃശാസ്ത്രജ്ഞനും ആഗോള സോഷ്യല്‍ മീഡിയ പ്രതിഭാസവുമായ ഡോ. ജൂലി സ്മിത്ത്, അമേരിക്കന്‍ ത്രില്ലര്‍ എഴുത്തുകാരന്‍ ക്രിസ് പാവോണ്‍ എന്നിവരും വായനക്കാര്‍ക്ക് വിരുന്നൊരുക്കും. ലോകമെമ്പാടുമുള്ള എഴുത്തിന്റെ ശക്തി ആഘോഷിക്കാനുള്ള ഷാര്‍ജയുടെ ദൗത്യം ഈ വര്‍ഷത്തെ വൈവിധ്യമാര്‍ന്ന സാഹിത്യ സദസ്സിലൂടെ പൂര്‍ണമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. സാഹിത്യം, ശാസ്ത്രം, ഡിജിറ്റല്‍ ആഖ്യാനം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള നൂറുകണക്കിന് ചര്‍ച്ചകളും എഴുത്തുകാരുമായുള്ള സംവാദങ്ങളും പുസ്തക പ്രകാശന ചടങ്ങുകളും ഇത്തവണത്തെ മേളയെ സമ്പന്നമാക്കും.
മറ്റു പരിപാടികള്‍
44ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ ഭാഗമായി മറ്റു നിരവധി പരിപാടികളും നടക്കും. അനിമേഷന്‍, കുക്കറി, ശില്‍പ്പശാലകള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, അതിഥികളുമായുള്ള സംവാദങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, കുട്ടികള്‍ക്ക് പഠനവിജ്ഞാന പ്രവര്‍ത്തനങ്ങള്‍, അവാര്‍ഡുകള്‍ തുടങ്ങിയവയും ഉണ്ടാകും.
The 44th Sharjah International Book Fair (SIBF 2025) opens tomorrow under the patronage of His Highness Sheikh Dr. Sultan bin Mohammed Al Qasimi, Supreme Council Member and Ruler of Sharjah. The 12-day cultural extravaganza brings together over 250 authors, creatives, and intellectuals from 66 countries to lead more than 1,200 events, ranging from panel discussions to workshops.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."