ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ
തിരുനാവായ: ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക തസ്തികയിൽ നിയമനത്തിന് ബിരുദാനന്തര ബിരുദത്തിൻ്റെ മാർക്കിന് വെയ്റ്റേജ് നൽകുന്നതിനെതിരേ ഒരു വിഭാഗം ഉദ്യോഗാർഥികൾ രംഗത്ത്. പി.എസ്.സി പരീക്ഷയ്ക്ക് മികച്ച മാർക്ക് നേടിയാലും പിന്തള്ളപ്പെടുമെന്ന ആശങ്കയാണ് ഇവർ പങ്കുവയ്ക്കുന്നത്. മത്സരപ്പരീക്ഷയിൽ കാര്യമായ മാർക്ക് നേടാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് പോലും കേവലം പി.ജി വെയ്റ്റേജിന്റെ അടിസ്ഥാനത്തിൽ ജോലി ലഭിക്കുന്നുവെന്നാണ് ആരോപണം. ഹയർസെക്കൻഡറി കൊമേഴ്സ് തസ്തികയ്ക്ക് മാത്രമുള്ള ഇൗ വിചിത്ര രീതി മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ നിലനിർത്തണമെന്ന വാദക്കാർ മറുവശത്തുമുണ്ട്. കൊമേഴ്സുകാർക്ക് ബി.എഡ് യോഗ്യത നേടാൻ ബിരുദാനന്തര ബിരുദം ആവശ്യമാണ്. അതിനാലാണ് ഇത്തരമൊരു വെയ്റ്റേജ് വന്നതെന്ന് പറയുന്നു.
2010-നുമുൻപ് പി.ജി കഴിഞ്ഞ അധിക പേർക്കും മാർക്കിന്റെ ശതമാനം വളരെ കുറവായിരുന്നു. അക്കാലങ്ങളിൽ പി.ജി റാങ്ക് ജേതാക്കൾക്ക് പോലും 60-65 ശതമാനം മാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പഠിച്ചിറങ്ങുന്ന മിക്കവർക്കും 90 ശതമാനത്തിന് മുകളിലാണ് മാർക്ക്. അന്നത്തെയും ഇന്നത്തെയും മൂല്യനിർണയ രീതികൾ തമ്മിലുള്ള വ്യത്യാസം കൊണ്ടാണിതെന്നും ഉദ്യോഗാർഥികൾ പറയുന്നു.
അത്തരമൊരു സാഹചര്യത്തിൽ വെയ്റ്റേജ് പ്രാവർത്തികമല്ലെന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്. ഈ തസ്തികയുടെ പുതിയ ചുരുക്കപ്പട്ടികയിൽ 184 പേരാണ് ഉള്ളത്. കഴിഞ്ഞ തവണ ഈ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്ന 1720 പേരിൽ കേവലം 140 പേർക്കാണ് നിയമനം നൽകിയത്. അതിൽതന്നെ മത്സരപ്പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ച പലർക്കും പി.ജി വെയ്റ്റേജിന്റെ അടിസ്ഥാനത്തിൽ ജോലി ലഭിച്ചിരുന്നു. ഇതേ അവസ്ഥ പുതിയ റാങ്ക് ലിസ്റ്റിനുണ്ടാകരുതെന്നാണ് ഒരു വിഭാഗം ഉദ്യോഗാർഥികൾ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."