ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ, അന്വേഷണം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
സമസ്തിപൂർ: ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ റോഡരികിൽ വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ അശ്രദ്ധ കാണിച്ച അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ (എആർഒ) സസ്‌പെൻഡ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയും ചെയ്തതായി കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
ആർജെഡി ആണ് സമസ്തിപൂരിലെ സറൈരഞ്ജൻ നിയമസഭാ മണ്ഡലത്തിലെ കെഎസ്ആർ കോളേജിന് സമീപമുള്ള റോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ ചിതറിക്കിടക്കുന്നതായി ആരോപിച്ച് രംഗത്തെത്തിയത്. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള പാർട്ടി എക്‌സിൽ വീഡിയോ സഹിതം പോസ്റ്റ് പങ്കുവെക്കുകയും, "കള്ളൻ കമ്മീഷൻ" ഇതിന് മറുപടി നൽകുമോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം
കണ്ടെത്തിയ വിവിപാറ്റ് സ്ലിപ്പുകൾ യഥാർത്ഥ വോട്ടെടുപ്പുമായി ബന്ധമില്ലാത്തതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. പോളിംഗിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) പരിശോധിക്കുമ്പോൾ ഉണ്ടാകുന്ന 'മോക്ക് സ്ലിപ്പുകൾ' (Mock Slips) ആണ് ഇവ. ഇതിനു പിന്നാലെയാണ് കമ്മീഷൻ എആർഒയെ സസ്‌പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്തത്. സമസ്തിപൂർ ജില്ലാ മജിസ്ട്രേറ്റിനോട് (ഡിഎം) സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്താൻ നിർദ്ദേശവും നൽകിയിട്ടുണ്ട്.
വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സ്ഥലത്ത് താൻ നേരിട്ടെത്തി പരിശോധന നടത്തിയെന്നും സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ സ്ലിപ്പുകൾ പിടിച്ചെടുത്തെന്നും സമസ്തിപൂർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുഷ്വാഹ സ്ഥിരീകരിച്ചു. വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, വൈദ്യുതി തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർജെഡി എംപി മനോജ് കെ ഝാ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിട്ടുണ്ട്.
vvpat slips were discovered abandoned on a roadside in bihar, prompting immediate action from the election commission. an official has been suspended, and a detailed inquiry ordered to ensure transparency and prevent election process violations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."