ഖത്തർ എയർവേയ്സ് വിപുലീകരണം: ജനുവരി അഞ്ച് മുതൽ ഹായിലിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസ്; ജിദ്ദ, റിയാദ് വിമാനങ്ങൾ ഏഴാക്കി
ദോഹ: സഊദി അറേബ്യയിലേക്കുള്ള സർവിസുകൾ വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. റിയാദിൽ നടന്ന 'ടൂറിസ് സമ്മിറ്റ് 2025' ലെ പാനൽ ചർച്ചയിൽ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻജിനീയർ ബദർ മുഹമ്മദ് അൽ-മീർ ആണ് ഇക്കാര്യം അറിയിച്ചത്. 2026 ജനുവരി 5 മുതൽ ഖത്തർ എയർവേയ്‌സ് സഊദിയിലെ ഹായിലിലേക്ക് (Hail - HAS) ആരംഭിക്കും. ആഴ്ചയിൽ മൂന്ന് സർവിസുകൾ ആണ് ഉണ്ടാവുക. ഇതോടെ ഖത്തർ എയർവേയ്സ് സർവിസ് നടത്തുന്ന സഊദി നഗരങ്ങളുടെ എണ്ണം 13 ആകും. അതേസമയം, ജിദ്ദയിലേക്കും, റിയാദിലേക്കുമുള്ള നിലവിലെ പ്രതിദിന സർവിസുകൾ ആറിൽ നിന്ന് ഏഴായി വർധിപ്പിക്കും.
സി.ഇ.ഒയുടെ വാക്കുകൾ
"സഊദി അറേബ്യയിലുടനീളം ഖത്തർ എയർവേയ്‌സിന്റെ സാന്നിധ്യം വർധിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. സഊദിയിലെ പ്രധാന മേഖലകളിലേക്കെല്ലാം ഇപ്പോൾ ഞങ്ങളുടെ ശൃംഖല വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ സഊദിയിലെ ഏകദേശം 2.5 ദശലക്ഷം (25 ലക്ഷം) യാത്രക്കാരെ ഞങ്ങളുടെ ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കാൻ സാധിച്ചു. സഊദിയിൽ യാത്രക്കാർക്ക് ഞങ്ങളിലുള്ള വിശ്വാസത്തെയാണ് ഇത് കാണിക്കുന്നത്," എൻജിനീയർ ബദർ മുഹമ്മദ് അൽ-മീർ വ്യക്തമാക്കി.
പുതിയ സർവിസ്
എല്ലാ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് ഹായിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (HAS) ഖത്തർ എയർവേയ്സ് സർവിസ് നടത്തുന്നത്.
| റൂട്ട് | ഫ്‌ലൈറ്റ് നമ്പർ | പുറപ്പെടുന്ന സമയം | എത്തിച്ചേരുന്ന സമയം |
| ദോഹ - ഹായിൽ | QR1228 | 14:20 | 16:30 |
| ഹായിൽ - ദോഹ | QR1229 | 17:30 | 19:25 |
ഹായിലിലേക്കുള്ള പുതിയ സർവിസോടുകൂടി, ഖത്തർ എയർവേയ്‌സിന് സഊദി അറേബ്യയിൽ ആഴ്ചയിൽ 150-ൽ അധികം സർവിസുകളുള്ള 13 ലക്ഷ്യസ്ഥാനങ്ങളാകും.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
സ്കൈട്രാക്സ് 11 വർഷമായി 'മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവള'മായി തിരഞ്ഞെടുത്ത ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഈ കണക്റ്റിവിറ്റി സാധ്യമാക്കുന്നത്. 2021, 2022, 2024 വർഷങ്ങളിൽ ലോകത്തിലെ മികച്ച വിമാനത്താവളമായും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഖത്തർ എയർവേയ്‌സ് പ്രിവിലേജ് ക്ലബ്ബ് അംഗങ്ങൾക്ക് വിമാനയാത്ര ചെയ്യുമ്പോഴും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Doha Airport) ഖത്തർ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ഷോപ്പിംഗ് നടത്തുമ്പോഴും 'ഏവിയോസ്' (Avios) പോയിന്റുകൾ നേടാനാകും. ഈ ഏവിയോസ് പോയിന്റുകൾ ഉപയോഗിച്ച് അവർക്ക് ഇഷ്ടമുള്ള റിവാർഡുകളും, സമ്മാനങ്ങളും സ്വന്തമാക്കാം.
Qatar Airways has announced the expansion of its services in Saudi Arabia, introducing a new route to Hail (HAS) starting January 5, 2026, with three weekly flights, increasing its Saudi network to 13 destinations with over 150 weekly flights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."