ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ശിവപ്രിയയുടെ മരണകാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയുടെ അണുബാധയാണെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന് (ഡിഎംഇ) റിപ്പോർട്ട് സമർപ്പിച്ചു.
മരണകാരണമായ അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ ആണെന്നും രോഗബാധ ആശുപത്രിയിൽ നിന്നല്ല ഉണ്ടായത്. ആശുപത്രി എല്ലാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നുമാണ് ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന് വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
എന്നാൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളിക്കളഞ്ഞ ശിവപ്രിയയുടെ ഭർത്താവ് മനു, നീതി ലഭിക്കില്ലെന്ന് താൻ നേരത്തെ പ്രതീക്ഷിച്ചിരുന്നതായി വ്യക്തമാക്കി. "ഇതായിരിക്കും റിപ്പോർട്ടെന്ന് ഞാൻ ആദ്യമേ പ്രതീക്ഷിച്ചു. വീട്ടിൽ നിന്ന് അണുബാധ ഉണ്ടാകാൻ ഒരു സാധ്യതയുമില്ല," എന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിനെതിരെ തുടർനടപടികൾ സ്വീകരിക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും മനു കൂട്ടിച്ചേർത്തു.
പ്രസവശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ശിവപ്രിയയ്ക്ക് മൂന്ന് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും എസ്എടിയിൽ വീണ്ടും പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ കഴിഞ്ഞ ഞായറാഴ്ച അണുബാധയെ തുടർന്നാണ് ശിവപ്രിയ മരണപ്പെടുന്നത്. ശിവപ്രിയയ്ക്ക് ആശുപത്രിയിൽ നിന്നാണ് അണുബാധയുണ്ടായതെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. ഒരാഴ്ച മുമ്പ് ലേബർ റൂമുകളിലും പ്രസവാനന്തര ശുശ്രൂഷാ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.
The expert committee investigating Shivapriya's death reported the cause as Staphylococcus bacterial infection, a finding vehemently rejected by her husband, Manu, who claims the infection could not have occurred at home.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."