ശബരിമല സ്വർണക്കൊള്ള; ഇനിയും ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെയും പ്രതിചേർത്ത് തുടർനടപടി സ്വീകരിക്കണം: രാജു എബ്രഹാം
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ കർശന നടപടി ഉറപ്പാക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം. ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടിട്ടുണ്ടെന്നും രാജു എബ്രഹാം പറഞ്ഞു. ഒരാളെയും സഹായിക്കുന്ന ശീലം പാർട്ടിക്കില്ലെന്നും വിശദാംശങ്ങൾ പുറത്തുവന്നതിന് ശേഷം എ പത്മകുമാറിനെ ജില്ല കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുന്ന കാര്യം തീരുമാനിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.
എസ്ഐടി അന്വേഷണത്തിൽ ഇടപെടുന്ന പ്രശ്‌നമില്ലെന്നും അന്വേഷണത്തിൽ ഇടപടില്ലെന്നും കേരളം കണ്ടുകൊണ്ടിരിക്കുന്നത് മാതൃകാപരമായ അന്വേഷണം ആണെന്നും രാജു എബ്രഹാം വ്യക്തമാക്കി. സർക്കാറിന് അനുക്കൂലമായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും രാജു ഏബ്രഹാം പറഞ്ഞു. ആ സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ ജാഗ്രത ഉണ്ടാവണമായിരുന്നെന്നും ഇനി കേസിൽ ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവരെയും പ്രതി ചേർത്തുകൊണ്ട് തുടർ നടപടികൾ സ്വീകരിക്കണമെന്നും രാജു ഏബ്രഹാം കൂട്ടിച്ചേർത്തു.
ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിലപ്പടിയിലെ സ്വർണം കവർന്ന കേസിലെ എട്ടാം പ്രതിയാണ് എ പത്മകുമാർ. കേസിൽ നേരത്തെ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിന് എതിരാണെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എൻ വാസു എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."