ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ്
കണ്ണൂർ: രാജ്യത്തെ ഉയർന്ന ചൂട് തുടർച്ചയായ ദിവസങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുമ്പോൾ ഇതൊരു വലിയ ചൂടല്ലെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി രാജ്യത്തെ ഉയർന്ന ചൂട് കേരളത്തിലാണ് രേഖപ്പെടുത്തുന്നത്. കോട്ടയം, പുനലൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ 34 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഔദ്യോഗികമായി രാജ്യത്തെ ഉയർന്ന പകൽ താപനില കഴിഞ്ഞ രണ്ടിന് കോഴിക്കോട് (34.2 ഡിഗ്രി) രേഖപെടുത്തി. കോട്ടയം (34 ഡിഗ്രി), പാലക്കാട് (28.5 ഡിഗ്രി) ചൂട് രേഖപ്പെടുത്തി. എന്നാൽ, ഇത് ഒരു വലിയ ചൂടല്ലെന്നും കേരളത്തിലെ ശരാശരി ചൂടാണെന്നുമാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
ഉത്തരേന്ത്യയിൽ ശക്തമായ ശൈത്യകാലം തുടരുന്നതും അതോടൊപ്പം കനത്ത പുക മഞ്ഞും ഉയർന്ന താപനില പലയിടങ്ങളിലും 20ഡിഗ്രി താഴെയാണ്. ഈ കാരണങ്ങൾ കൊണ്ടാണ് നിലവിൽ കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ ഉയർന്ന താപനില രേഖപെടുത്തുന്നതെന്നും യഥാർഥത്തിൽ ഇതൊരു വലിയ ചൂട് അല്ലെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിശദീകരണം.
ഉത്തരേന്ത്യ ശൈത്യകാലത്ത് നിന്ന് പുറത്ത് വരുന്നതോടെ രാജ്യത്തെ ഉയർന്ന ചൂട് ഉത്തരേന്ത്യയിലേക്ക് മാറുമെന്നും വ്യക്തമാക്കുന്നു. ഹിമാചൽ, പഞ്ചാബ്, ഹരിയാന, ഡൽഹി ഉത്തർ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശൈത്യതരംഗ മുന്നറിയിപ്പും കാലാവസ്ഥാ വിഭാഗം നൽകുന്നു. ബംഗാൾ ഉൾകടലിൽ ശ്രീലങ്കക്ക് സമീപം നിലനിൽക്കുന്ന ചക്രവാതചുഴി സ്വാധീനം പൊതുവെ കേരളത്തിൽ പകൽചൂട് കുറയാൻ കാരണമായിട്ടുണ്ട്. മൂന്നാറിലെ ഇപ്പോഴത്തെ ഉയർന്ന ചൂട് 21.8 ഡിഗ്രിയാണ്. കുറഞ്ഞത് 14.9 ഡിഗ്രി. കൊടൈക്കനാലിൽ ഇന്നത്തെ താപനില 10.1ഡിഗ്രിക്കും 14.9ഡിഗ്രിക്കും ഇടയിലാണ്. ഊട്ടിയിൽ താപനില (12.4 ഡിഗ്രിക്കും 17.8 ഡിഗ്രിക്കും) ഇടയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."