തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്ക് യുഡിഎഫിലുള്ള വിശ്വാസത്തിന് തെളിവ്; കേരള ജനതയ്ക്ക് നന്ദി; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വമ്പന്‍ തിരിച്ചുവരവില്‍ കേരള ജനതയ്ക്ക് നന്ദി പറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിജയ സന്ദേശം.
യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി. നിര്‍ണായകവും, ഏറെ സന്തോഷം പകരുന്നതുമായി വിജയമാണിത്. യുഡിഎഫില്‍ ജനങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന വിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ് ഈ ഫലം, മാത്രമല്ല വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ട് പടി കൂടിയാണ് ഈ വിജയം.
സന്ദേശം വ്യക്തമാണ്; കേരള ജനത തങ്ങളെ കേള്‍ക്കുന്ന, പ്രതികരിക്കുന്ന, ഉത്തരവാദിത്വമുള്ള ഭരണമാണ് ആഗ്രഹിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ ജനപ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. ഈ വിജയം സാധ്യമാക്കിയ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും, നേതാക്കള്‍ക്കും, ജനങ്ങള്‍ക്കും എന്റെ ആത്മാര്‍ഥമായ നന്ദി,' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത പരാജയത്തിന് കാരണം വര്‍ഗീയതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണമായെന്നും സതീശന്‍ വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് കാരണം ടീം യുഡിഎഫാണ്. പ്രചരണത്തിലുടനീളം യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. ലക്ഷക്കണക്കിന് പ്രവര്‍ത്തകരോടും, കേരള ജനതയോടും നന്ദിയുണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ എംഎം മണി ജനങ്ങളെ ആക്ഷേപിച്ച് സംസാരിച്ചത്, മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കളുടെ മനസിലിരിപ്പാണ് പുറത്തുവന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
rahul gandhi expressed gratitude to kerala voters for udf’s significant victory in the local elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."