വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസുവരെ പഠനം ഓൺലൈനിൽ മാത്രം
ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ എല്ലാ സ്കൂളുകളിലെയും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ക്ലാസുകൾ പൂർണ്ണമായും ഓൺലൈനാക്കി മാറ്റാൻ സർക്കാർ ഉത്തരവിട്ടു. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. നഗരത്തിൽ ജനജീവിതം ദുസഹമാക്കി അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുകയാണ്.
നേരത്തെ സ്കൂളുകൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ ഓപ്ഷനുകളോടെ ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരുന്നു. ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും നിലവിലുള്ള ഉത്തരവ് അനുസരിച്ച് ഹൈബ്രിഡ് മോഡിൽ തന്നെ ക്ലാസുകൾ തുടരാനാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ക്രമീകരണം നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു.
അതേസമയം നോയിഡയിലെ ഗൗതം ബുദ്ധ് നഗർ ജില്ലാ ഭരണകൂടവും സ്കൂളുകൾക്കും കോച്ചിംഗ് സെൻററുകൾക്കും മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ-നഴ്സറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും ഓൺലൈൻ മോഡിൽ ക്ലാസുകൾ നടത്തണം. ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും ഹൈബ്രിഡ് ഫോർമാറ്റിൽ ക്ലാസുകൾ തുടരും.
രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിൽ തുടരുകയാണ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ഡൽഹി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.
Delhi government shifts classes for students up to grade 5 in all schools to online mode due to high air pollution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."