യു.എസിന്റെ വെനിസ്വേലന്‍ അധിനിവേശം: രോഷവും ആശങ്കയും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍
കാരക്കാസ്: ലാറ്റിന് അമേരിക്കന്‍ രാജ്യമായ വെനിസ്വേലയുടെ പരമാധികാരത്തിന് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ലോകരാജ്യങ്ങള്‍. റഷ്യയും ചൈനയുമുള്‍പെടെ രാജ്യങ്ങള്‍ ഈ അധിനിവേശത്തെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
റഷ്യ
അമേരിക്കയുടെ നടപടി അങ്ങേഅറ്റം ആശങ്കയുണര്‍ത്തുന്നതാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആക്രമണത്തിന് യാതൊരു ന്യായവുമില്ലെന്നും നയതന്ത്രത്തിനുമേല്‍ പ്രത്യയശാസ്ത്ര വൈര്യത്തിന്റെ വിജയമാണിതെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
'യുഎസ് വെനിസ്വേല്ക്കെതിരെ സായുധ ആക്രമണം നടത്തി, ഇത് ആഴത്തിലുള്ള ആശങ്കയ്ക്ക് കാരണമാകുന്നു, അങ്ങേഅറ്റം അപലപനീയമാണിത്'- എക്‌സ് പോസ്റ്റില്‍ റഷ്യ കൂട്ടിച്ചേര്‍ത്തു.
ചൈന
'ഒരു പരമാധികാര രാഷ്ട്രത്തിനെതിരെയുള്ള നഗ്നമായ ബലപ്രയോഗവും അതിന്റെ പ്രസിഡന്റിനെതിരെയുള്ള നടപടിയും അഗാധമായ ഞെട്ടലുണ്ടാക്കുന്നുവെന്ന് ചൈന പ്രതികരിച്ചു.
'യുഎസിന്റെ ഇത്തരം ആധിപത്യപരമായ പ്രവൃത്തികള്‍ അന്താരാഷ്ട്ര നിയമത്തെയും വെനിസ്വേലയുടെ പരമാധികാരത്തെയും ഗുരുതരമായി ലംഘിക്കുകയും ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ മേഖലയിലും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുകയും ചെയ്യുന്നു,' ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പ്രതികരിച്ചു.
നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് പറഞ്ഞ ചൈന അന്താരാഷ്ട്ര നിയമവും യുഎന്‍ ചാര്‍ട്ടറിന്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളും പാലിക്കാനും മറ്റ് രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും ലംഘിക്കുന്നത് അവസാനിപ്പിക്കാനും യു.എസിനോട് ആവശ്യപ്പെടുന്നുവെന്നും വ്യക്തമാക്കി.
കൊളംബിയ: യു.എന്‍ അടിയന്തര യോഗം വിളിക്കണമെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. വെനിസ്വേല അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചു.
സ്‌പെയിന്‍: വെനിസ്വേലക്കും യു.എസിനും ഇടയില്‍ മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ് സ്‌പെയിന്‍ വിദേശകാര്യ മന്ത്രാലയം.
ക്യൂബ: യു.എസ് നടപടിയെ ക്രിമിനല്‍ ആക്രമണം എന്നാണ് ക്യൂബന്‍ പ്രസിഡന്റ് ബെര്‍മ്യൂഡസ് വിശേഷിപ്പിത്.
ഇറാന്‍: യു.എസ് ആക്രമണത്തെ ഇറാന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. വെനിസ്വേലയുടെ സ്വയം നിര്‍ണയാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണിതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
യുനൈറ്റഡ് കിങ്ഡം
അതേസമയം, മഡുറോയെ പിടികൂടിയതിനെക്കുറിച്ച് ഏതെങ്കിലും വിധത്തില്‍ ഉറച്ച പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത്.
'അന്താരാഷ്ട്ര നിയമം നമ്മള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഞാന്‍ എപ്പോഴും പറയുകയും വിശ്വസിക്കുകയും ചെയ്യുന്നു,
'ആദ്യം വസ്തുതകള്‍ അറിയാം. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു. തനിക്ക് സഖ്യകക്ഷികളുമായി സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു.എസിന്റെ നീക്കത്തില്‍ യു.കെക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജര്‍മനി: നിഷ്പക്ഷ നിലപാടാണ് ജര്‍മനി സ്വീകരിച്ചത്. സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറ്റലി: ഇറ്റലിയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ല. എന്നാല്‍, യു.എസ് നടപടിയില്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
അര്‍ജന്റീന: അമേരിക്കയുടെ നടപടിയെ ന്യായീകരിച്ചും പ്രശംസിച്ചുമായിരുന്നു പ്രസിഡന്റ് യാവിയര്‍ മിലെയ്യുടെ പ്രതികരണം. 'സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ! മദൂറോ ഭരണം തുലയട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം നടത്തിയാണ് പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയത്. അതീവ രഹസ്യമായി നടത്തിയ 'ഓപ്പറേഷന്‍ വെനസ്വേല'യിലൂടെയാണ് യുഎസ് പ്രത്യേക സൈനിക വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ് മഡൂറോയെ പിടികൂടിയത്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ അതിരാവിലെ നടത്തിയ മിന്നല്‍ ആക്രമണത്തിനൊടുവിലായിരുന്നു നടപടി.
രാജ്യത്ത് ജനാധിപത്യപരമായ അധികാര കൈമാറ്റം നടക്കുന്നത് വരെ വെനസ്വേല അമേരിക്കയുടെ ഭരണത്തിന് കീഴിലായിരിക്കുമെന്ന് പിന്നീട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കസ്റ്റഡിയിലുള്ള മഡൂറോയുടെ ചിത്രവും വൈറ്റ് ഹൗസ് പുറത്തുവിട്ടു. നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്‌ലോറസും നിലവില്‍ യുഎസ് നാവികസേനയുടെ കപ്പലിലാണുള്ളത്. കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. മഡൂറോയെ ഉടന്‍ ന്യൂയോര്‍ക്കിലെത്തിക്കുമെന്നും അവിടെ വിചാരണ നേരിടേണ്ടി വരുമെന്നും ട്രംപ് അറിയിച്ചു.
ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്. മഡൂറോയെ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം താന്‍ കണ്ടിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.
countries across the world have expressed anger and concern over the united states’ intervention in venezuela, warning that the move could escalate tensions and destabilize the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."