ഊർജം സംഭരിച്ച് കോൺഗ്രസ്; ഒറ്റക്കെട്ടായി നേതൃത്വം; ലക്ഷ്യം നിയമസഭ
കോഴിക്കോട്: തെരഞ്ഞെടുപ്പിന് സജ്ജമാകാൻ ആഹ്വാനവുമായി ബത്തേരിയിൽ സമാപിച്ച ലക്ഷ്യ സമ്മിറ്റിന്റെ പ്രധാന സവിശേഷതയായി കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത് പാർട്ടിയിലെ ഐക്യം വിളംബരം ചെയ്യാനായെന്നതാണ്. മുൻ നേതൃക്യാംപുകളിൽ മുതിർന്ന നേതാക്കളുടെ ബഹിഷ്‌കരണങ്ങളടക്കം കല്ലുകടികൾ ഉണ്ടായെങ്കിൽ ഇത്തവണ ഒറ്റക്കെട്ടാണെന്ന സന്ദേശം ബത്തേരിയിൽ നൽകാനായി.
സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പാർട്ടി നേതൃത്വത്തിന് എഴുതി നൽകണമെന്നും കെ.സി വേണുഗോപാലിന്റെ താക്കീത് മുതിർന്ന നേതാക്കളെ കൂടി ലക്ഷ്യമിട്ടുള്ളതാണ്.
സുനിൽ കനുഗോലു ഉൾപ്പെടെയുള്ള നാല് ഏജൻസികൾ കോൺഗ്രസിനായി കേരളത്തിൽ സർവേ നടത്തിയിരുന്നു. 90 സീറ്റ് നേടാൻ കഴിയുമെന്നാണ് കനുഗോലു റിപ്പോർട്ട് നൽകിയത്. നൂറിലധികം സീറ്റ് നേടുമെന്നാണ് വി.ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മധ്യകേരളത്തിലും മലബാറിലും യു.ഡി.എഫിന് വൻ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ആധിപത്യം പുലർത്താൻ കഴിയും. മലബാറിൽ മലപ്പുറത്ത് സമ്പൂർണവിജയമാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും അദ്ഭുതമുളവാക്കുന്ന കണക്ക് നിലവിൽ കോൺഗ്രസ് എം.എൽ.എമാർ ഇല്ലാത്ത കോഴിക്കോട് ജില്ലയിലേതാണ്. യു.ഡി.എഫ് എട്ടുസീറ്റ് വരെ നേടുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
വയനാട്ടിൽ മൂന്ന് സീറ്റിലും ജയിക്കാൻ കഴിയും. കണ്ണൂരിൽ കുറഞ്ഞത് നാല് സീറ്റും പ്രതീക്ഷിക്കുന്നു. കാസർകോട് ഒരു മണ്ഡലത്തിൽ കൂടി ജയിക്കാനുള്ള തന്ത്രങ്ങളാണ് ഒരുക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, ജില്ലകളിലും സീറ്റുകൾ വർധിപ്പിക്കാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കും.
സ്ഥാനാർഥികളെ വിജയസാധ്യത മാത്രം അടിസ്ഥാനമാക്കി തീരുമാനിക്കുമെന്നതാണ് ക്യംപിലെ പ്രധാന തീരുമാനങ്ങളിലൊന്ന്. പ്രാദേശിക, മത, സാമുദായിക ഘടകങ്ങളും പരിഗണിക്കും. ഫെബ്രുവരി പകുതിയോടെ സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കും. മുന്നണി വിപുലീകരണത്തിന്റെ ആദ്യ പടിയായി ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ്‌കുമാറുമായി കൂടിയാലോചന നടത്താനും നേതൃത്വം തീരുമാനിച്ചു. കേരള കോൺഗ്രസ് എമ്മിനെ തിരികെകൊണ്ടുവരാനുള്ള ശ്രമവും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."