പ്രവേശനം നേടിയ വിദ്യാർഥികളിൽ 90 ശതമാനവും മുസ്‌ലിംകൾ; തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തെത്തുടർന്ന് വൈഷ്‌ണോദേവി മെഡിക്കൽ കോളജിലെ കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കി
ന്യൂഡൽഹി: ജമ്മുവിലെ ശ്രീമാതാ വൈഷ്‌ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസിലെ ആദ്യ ബാച്ചിലെ വിദ്യാർഥികളിൽ കൂടുതലും മുസ്‌ലിംകൾ ആയതിനെത്തുടർന്ന് പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വവാദികൾ സമരം നടത്തിവരുന്നതിനിടെ കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കി. പ്രവേശനം നേടിയ വിദ്യാർഥികൾക്ക് കേന്ദ്ര ഭരണപ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിൽ സൗകര്യമൊരുക്കുമെന്ന് ചൊവ്വാഴ്ച രാത്രി ഇറക്കിയ ഉത്തരവിൽ നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) പറഞ്ഞു.
അടുത്തിടെ തുടങ്ങിയ ജമ്മു ഡിവിഷനിൽപ്പെട്ട കതറയിലെ മെഡിക്കൽ കേളജിലെ ആദ്യ ബാച്ചിൽ പ്രവേശനം നേടിയ 50 വിദ്യാർഥികളിൽ 45 പേരും (90%) മുസ്‌ലിംകളായതോടെ ഹിന്ദുത്വവാദികൾ സമരം നടത്തിവരികയായിരുന്നു. ജമ്മു കശ്മീർ ബോർഡ് ഓഫ് പ്രൊഫഷണൽ എൻട്രൻസ് എക്‌സാമിനേഷൻസ് തയാറാക്കിയ 50 പേരുടെ റാങ്ക് പട്ടികപ്രകാരമായിരുന്നു പ്രവേശന നടപടികൾ. പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരുമാസത്തിലേറെയായി ഹിന്ദുത്വ സംഘടനകൾ കാംപസിന് മുന്നിൽ സമരം നടത്തിവരുന്നതിനിടെയാണ് എൻ.എം.സിയുടെ നടപടി. അക്രമികൾ കാംപസിലേക്ക് ഇരച്ചുകയറുകയും ക്ഷേത്ര ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ കോലം കത്തിക്കുകയും ചെയ്തു. മുസ്‌ലിം വിദ്യാർഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവർണർക്ക് നിവേദനം നൽകുകയും ചെയ്തു.
ക്ലിനിക്കൽ സൗകര്യങ്ങളുടെ അപര്യാപ്തതയും മതിയായ അധ്യാപകരുടെ അഭാവവും പരിഗണിച്ചാണ് കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കുന്നതെന്നാണ് കമ്മിഷൻ പറയുന്നത്. അതേസമയം, കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമാണെന്നും ശീതകാല അവധിയായതിനാൽ അധ്യാപകർ അവധിയിലായിരുന്ന സമയത്താണ് പരിശോധന നടത്തിയതെന്നും കോളജ് അധികൃതർ ചൂണ്ടിക്കാട്ടി.
പരിശോധനയ്ക്ക് 15 മിനിറ്റ് മുമ്പ് മാത്രമാണ് വിവരം ലഭിച്ചത്. അവധിയിലായിരുന്ന അധ്യാപകരെ തിരിച്ചുവിളിക്കാൻ സമയം നൽകിയില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അധികൃതർ ആരോപിച്ചു. സെപ്റ്റംബറിൽ വിദഗ്ധ സംഘം കൃത്യമായ പരിശോധന നടത്തി തൃപ്തികരമെന്ന് കണ്ട ശേഷമാണ് അനുമതി നൽകിയത് എന്നിരിക്കെ, മാസങ്ങൾക്കുള്ളിൽ അനുമതി റദ്ദാക്കിയത് ദുരൂഹമാണെന്നും അധികൃതർ പറഞ്ഞു. സാധാരണ പ്രവേശനത്തിൽ പോരായ്മകൾ കണ്ടെത്തിയാൽ അത് പരിഹരിക്കാൻ സമയം നൽകാറാണ് എൻ.എം.സിയുടെ പതിവ്. എന്നാൽ ഇവിടെ നേരിട്ട് കോഴ്‌സിന്റെ അനുമതി റദ്ദാക്കുകയായിരുന്നു.
the approval of a course at vaishno devi medical college was revoked after protests by hardline hindu groups, citing that 90 percent of admitted students were muslims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."