ഗവർണർ ഒപ്പിടാനുള്ളത് 14 ബില്ലുകൾ; നിയമസഭാ സമ്മേളനം 20 മുതൽ, സംസ്ഥാന ബജറ്റ് 29ന്
തിരുവനന്തപുരം: നിയമസഭ പാസാക്കിയ14 ബില്ലുകളിൽ ഗവർണർ ഒപ്പിടാനുണ്ടെന്ന് സ്പീക്കർ എ.എൻ ഷംസീർ. വിജ്ഞാപനം ചെയ്ത നാലു ബില്ലുകൾ സഭയിൽ അവതരിപ്പിക്കാനുണ്ട്. 15ാം കേരള നിയമസഭയുടെ ഇതുവരെയുള്ള 15 സെഷനുകളിൽ ആകെ 182 ദിവസം സഭ ചേരുകയും 158 ബില്ലുകൾ പാസാക്കുകയും ചെയ്തിട്ടുണ്ട്. 14 ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നത് എന്തുകൊണ്ടെന്ന് ഗവർണറോട് തന്നെ ചോദിക്കണമെന്നും സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ മാസം 20ന് ആരംഭിക്കുന്ന 15ാം കേരള നിയമസഭയുടെ അവസാന സമ്മേളനം സമാധാനപരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. സഭാ നടപടികൾക്ക് ഭരണപക്ഷവും പ്രതിപക്ഷവും ഇതുവരെ നൽകിയ പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സ്പീക്കർ പറഞ്ഞു. പതിനാറാം സമ്മേളനം ആകെ 32 ദിവസം ചേരുന്നതിനാണ് കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസാക്കുകയും ചെയ്യും. 29നാണ് ബജറ്റ് അവതരിപ്പിക്കുക.
ജനുവരി 22, 27, 28 തീയതികളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി 2, 3, 4 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കും. ഫെബ്രുവരി അഞ്ചിന് 2025 - 26 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർഥനകൾ, കഴിഞ്ഞ ഏതാനും സാമ്പത്തികവർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകൾ എന്നിവ പരിഗണിക്കും.
ഫെബ്രുവരി 6 മുതൽ 22 വരെ സഭ ചേരുന്നതല്ല.രണ്ടു ധനവിനിയോഗ ബില്ലുകളും ഈ സമ്മേളനത്തിൽ പാസാക്കും. ഇതിനിടയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടായാൽ തീയതികളിൽ മാറ്റം വരുമെന്നും സ്പീക്കർ പറഞ്ഞു.
the governor has not signed 14 assembly-passed bills yet, and four notified bills are pending presentation in the house.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."