'സമയപരിധി ഇന്ന് അവസാനിക്കും, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതനിലയങ്ങളും പാലങ്ങളും തകര്‍ക്കും' ഭീഷണിയുമായി വീണ്ടും ട്രംപ്
വാഷിങ്ടണ്‍: ഇറാനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളിയതിന് പിന്നാലെയാണ് വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും പൂര്‍ണമായും തകര്‍ക്കുമെന്നാണ് ഭീഷണി. ഇറാന് നല്‍കിയ സമയപരിധി ഇന്ന് രാത്രിയോടെ അവസാനിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും പൂര്‍ണമായും തകര്‍ക്കും- ട്രംപ് ഭീഷണി മുഴക്കി. യുദ്ധം ഇപ്പോള്‍ തന്നെ നിര്‍ത്താന്‍ പറ്റും. എന്നാല്‍ ചില കാര്യങ്ങള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ട്- ട്രംപ് പറഞ്ഞു.
അതെസമയം, താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളിക്കൊണ്ടുള്ള ഔദ്യോഗിക പ്രതികരണം കഴിഞ്ഞ ദിവസം ഇറാന്‍ പാകിസ്താന് കൈമാറിയിരുന്നു. ട്രംപിന്റെ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. യുദ്ധ കുറ്റങ്ങളും വംശഹത്യാ നടപടികളുമാണ് ഇസ്‌റാഈലും അമേരിക്കയും ഇറാനില്‍ തുടരുന്നതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയ ഇറാന്‍ യുദ്ധത്തില്‍ തകര്‍ന്നവയുടെ പുനര്‍ നിര്‍മ്മാണവും ഉചിതമായ നഷ്ടപരിഹാരവും വേണമെന്നും ആവശ്യപ്പെടുന്നു.
യു.എസ് മുന്നോട്ടുവെച്ച 'യുക്തിരഹിതമായ' 15 ഇന സമാധാന പദ്ധതി ഇറാന്‍ ഔദ്യോഗികമായി നിരസിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസിന് മേലുള്ള പരമാധികാരം ഉള്‍പ്പെടെ പത്തിന നിര്‍ദേശങ്ങള്‍ മറുപടിയില്‍ ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. മേഖലയിലാകെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസിലൂടെയുള്ള സുരക്ഷിത യാത്രക്കായി പ്രോട്ടോക്കോള്‍ കൊണ്ടുവരും, ഉപരോധങ്ങള്‍ ഒഴിവാക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണിയുടെ ഭാഷ ഇറാന്‍ ആദ്യമായല്ല നേരിടുന്നത്. കൂടുതല്‍ കരുത്തോടെയും പ്രതിരോധ സജ്ജമായും മുന്നോട്ട് പോകാന്‍ തന്നെയാണ് തെഹ്റാന്റെ തീരുമാനം. ഇതോടെ പശ്ചിമേഷ്യന്‍ രാഷ്ട്രീയം വരും ദിവസങ്ങളില്‍ കൂടുതല്‍ കലുഷിതമാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
us president donald trump has renewed threats against iran after it rejected a temporary ceasefire proposal. tensions rise as warnings target iran’s infrastructure and disputes over the hormuz strait escalate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."