500 ദിര്‍ഹം പിഴ, നാല് ട്രാഫിക് പോയിന്റ്, വാഹനം കണ്ടുകെട്ടും; അബൂദബിയില്‍ അനുമതിയില്ലാതെ ആഹ്ലാദപ്രകടനങ്ങള്‍ പാടില്ലെന്ന് മുന്നറിയിപ്പ്
അബൂദബി: ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനങ്ങള്‍ കൊണ്ടുള്ള ആഹ്ലാദപ്രകടനങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കരുതെന്ന് പൊലിസിന്റെ മുന്നറിയിപ്പ്. സുരക്ഷ ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന പെരുമാറ്റങ്ങള്‍ തടയുന്നതിനും ബാധകമായ നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കണമെന്ന് അബൂദബി പൊലിസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആവശ്യപ്പെട്ടു.
ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണം. സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇത് പ്രധാനമാണ്. നിയമം പാലിക്കുന്നതിനൊപ്പം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും സാമൂഹിക ഉത്തരവാദിത്തമാണെന്ന് പൊലിസ് വ്യക്തമാക്കി.
റോഡുകളില്‍ മാര്‍ച്ചുകളും പ്രകടനങ്ങളും നടത്തുന്നതും വാഹനങ്ങളുടെ സണ്‍റൂഫുകളില്‍ നിന്നോ വിന്‍ഡോകളില്‍ നിന്നോ ശരീരഭാഗങ്ങള്‍ പുറത്തിടുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇവ ഗതാഗത നിയമലംഘനങ്ങളുടെ പരിധിയില്‍ പെടുന്നതാണ്. വാഹനത്തിലുള്ളവരുടെയോ മറ്റുള്ളവരുടെയോ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന വിധം ഡ്രൈവ് ചെയ്താല്‍ 2,000 ദിര്‍ഹം പിഴ, 23 ട്രാഫിക് പോയിന്റുകള്‍, 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കല്‍ എന്നീ ശിക്ഷകള്‍ ലഭിക്കും.
അനുമതിയില്ലാതെ വാഹന പരേഡ് നടത്തിയാല്‍ 500 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും 15 ദിവസത്തെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷയെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി.
English Summary: Abu Dhabi Police have issued a strict warning against organizing vehicle parades, gatherings, or celebrations without prior official permission. These regulations are enforced to ensure public safety, protect lives and property, and maintain smooth traffic flow. All public events and celebrations must be organized through legal channels with the necessary consent from relevant authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."