ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. 114 കോടി രൂപയാണ് പദ്ധതി അടങ്കല്‍. സ്പില്‍ ഓവര്‍, ബഹുവര്‍ഷം അടക്കം 965 പ്രോജക്റ്റുകളാണ് 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തെരുവുനായ ഭീക്ഷണിയെ നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് പ്രകാരം മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം കൂടി ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഉല്‍പ്പാദന മേഖലക്ക് 7.87 കോടിയും മാലിന്യ നിര്‍മാര്‍ജനത്തിന് 3.92 കോടിയും വനിതകള്‍ക്ക് 5.68 കോടി രൂപയും കുട്ടികള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് 2.84 കോടിയും വയോജനക്ഷേമത്തിനായി 1.96 കോടിയും വകയിരുത്തിയിട്ടുണ്ട്. സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.69 കോടി രൂപയുടെ പദ്ധതികളുണ്ട്. 32 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഓരോ മാതൃകാ അങ്കണവാടികള്‍, 50 പട്ടികജാതി സങ്കേതങ്ങളില്‍ സൗരോര്‍ജ്ജ വിളക്കുമാടങ്ങള്‍, 120 പട്ടിക ജാതി സങ്കേതങ്ങളില്‍ മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍, 50 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ശുചിത്വ മുറികള്‍ തുടങ്ങീ നിരവധി പ്രോജക്റ്റുകള്‍ വാര്‍ഷിക പദ്ധതിയിലുണ്ട്.
ഭവന നിര്‍മാണ പദ്ധതിക്ക് സഹായം നല്‍കുന്നതിന് മാത്രം 14 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 2016-17 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം വളരെ പെട്ടെന്ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ഉടനെ വിളിക്കുന്നതാണ്.
തുടര്‍പദ്ധതികളുടെ പുരോഗതി വിലയിരുത്തുവാന്‍ പ്രവര്‍ത്തി ഏറ്റെടുത്തവരുടെ യോഗവും വിളിക്കും. കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് സമയപരിധി നീട്ടി നല്‍കില്ല. സമയബന്ധിതമായ പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ തുക ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."