വെളിയങ്കോട് പഞ്ചായത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കും
മാറഞ്ചേരി: വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ ദേശീയപാതയോരം ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍, കനോലി കനാല്‍ എന്നിവിടങ്ങളില്‍ അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
സി.സി.ടി.വി സ്ഥാപിക്കാനും അങ്ങാടികളിലെ ശുചീകരണം ഉറപ്പുവരുത്തുന്നതിനായി ശുചീകര തൊഴിലാളികളെ നിയമിക്കാനും യോഗത്തില്‍ ധാരണയായി. മാലിന്യം തള്ളുന്നവരെ തെളിവുസഹിതം പിടികൂടിയാല്‍ പൊലിസിന്റെ സഹായത്തോടെ നിയമനടപടികള്‍ സ്വീകരിക്കും.
ഇങ്ങനെ പിടികൂടുന്നവര്‍ വ്യാപാരികളാണെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദാക്കാനും തീരുമാനമായി.
പഞ്ചായത്ത് പ്രസിഡന്റ് പ്രേമജാ സുധീരന്‍ അധ്യക്ഷയായി. അംഗങ്ങളായ വി. ഫൗസിയ, ബബിത നൗഫല്‍, ഷാജിറ മനാഫ്, കെ.കെ ബാദുഷ, സുഹറ ബാബു, റാണി ശശി, ബാബു, സിന, വ്യാപാരികളായ നാരായണന്‍ കോട്ടക്കല്‍, അജ്മല്‍, മൊയ്തുണ്ണി ഹാജി, അഷ്‌റഫ് പുതുമ, മൂസ, അക്കു മണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു എസ്. ശ്രീകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."