മരണപ്പാച്ചിലില്‍ സ്വകാര്യ ബസുകള്‍; ഭീതിയോടെ വഴിയാത്രക്കാര്‍
കാക്കനാട്: കാല്‍നട യാത്രികരേയും മറ്റ് വാഹനയാത്രക്കാരെയും ഭീതിയിലാഴ്ത്തി കാക്കനാട്ട് റൂട്ടിലെ സ്വകാര്യ ബസുകള്‍. കാക്കനാട്- എറണാകുളം റൂട്ടിലെ ഭൂരിഭാഗം സ്വകാര്യ ബസുകളുടേയും അമിതവേഗത ബസിലെ യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. എന്‍.ജി.ഒ കോര്‍ട്ടേഴ്‌സ്, കുന്നുപുറം, വാഴക്കാല ഭാഗത്തു കൂടി ബസുകള്‍ ഭയാനകമായ രീതിയിലാണ് കുതിച്ചു പായുന്നത്.
വൈകിട്ട് നാല് മുതല്‍ എട്ട് മണി വരെ തിരക്കുള്ള സമയത്താണ് സ്വകാര്യ ബസുകളുടെ മിന്നലാട്ടം. മുന്നില്‍ പോകുന്ന വാഹനത്തെ മറികടക്കാന്‍ ഡ്രൈവര്‍ ഹോണ്‍ മുഴക്കി കുതിച്ചുപായുമ്പോള്‍ ഇരുവശങ്ങളിലുള്ള വാഹനങ്ങളും യാത്രക്കാരും ഭീതിയോടെയാണ് നീങ്ങുന്നത്.
മാത്രമല്ല ഈ ബസുകള്‍ ഒന്നും തന്നെ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ മറ്റു വാഹനങ്ങളെ കയറ്റി വിടാത്ത നിലയില്‍ റോഡിനു നടുവില്‍ നിറുത്തിയാണ് യാത്രക്കാരെ ഇറക്കുന്നതു പോലും.
ഇതുമായി ബന്ധപ്പെട്ടു ബസ് ജീവനക്കാരും മറ്റ് വാഹനയാത്രക്കാരും തമ്മില്‍ ബഹളവും പതിവു കാഴ്ച്ചയാണ്. ഇത് ശ്രദ്ധിക്കാനോ, നിയന്ത്രിക്കാനോ, നടപടി സ്വീകരിക്കാനോ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല എന്നും ആക്ഷേപമുണ്ട്.
കുടാതെ കാക്കനാട്ടെ ജില്ലാ ഭരണ കേന്ദ്രത്തിലേക്ക് പോകാന്‍ സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ് മുറിച്ചുകടക്കണമെങ്കില്‍ ഭാഗ്യത്തോടൊപ്പം വേഗത്തില്‍ ഓടുന്നതിനുള്ള ആരോഗ്യം കൂടി വേണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
നടപ്പാതയില്ലെന്നു മാത്രമല്ല റോഡ് മുറിച്ചു കടക്കുന്നതിനു സീബ്രാലൈനും വരച്ചിട്ടില്ല. കാലാകാലങ്ങളായി ട്രാഫിക് പരിഷ്‌കരണ കമ്മിറ്റികളുടെയും പൊലിസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.
സിവില്‍ലൈന്‍ -കുന്നുംപുറം റോഡില്‍ നിന്നെത്തുന്നവര്‍ക്കാണ് റോഡ് മുറിച്ചുകടക്കല്‍ അഗ്‌നി പരീക്ഷ. സിവില്‍ സ്‌റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിരവധി ജീവനക്കാരും അത്രയും തന്നെ പൊതുജനങ്ങളും പല കാര്യങ്ങള്‍ക്കായി ഇവിടെത്തുമ്പോള്‍ റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. തൊട്ടടുത്ത് തന്നെ കലക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷനുള്ളതിനാല്‍ ഗതാഗതകുരുക്കും രൂക്ഷമാണ്.
എത്ര തിരക്കാണെങ്കിലും ആഡംബര ബൈക്കുകളില്‍ അമിതവേഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു മരണപ്പാച്ചില്‍ നടത്തുന്നവരെയും കാണാം. സീപോര്‍ട്ട് റോഡിലെ ഈ ഭാഗത്ത് ദിവസവും നാലും അഞ്ചും തവണയാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. ഈ സമയത്തും കാല്‍നടയാത്രക്കാരുടെ സഞ്ചാരം സുരക്ഷിതമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."