വിദ്യാലയങ്ങളില്‍ പുകയില നിയന്ത്രണ പരിപാടികള്‍ ഊര്‍ജിതമാക്കും
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലുള്ള പുകയില നിയന്ത്രണ പരിപാടികള്‍ കോര്‍പറേഷന്‍ പരിധിയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനം. ജില്ലാ ഭരണക്കൂടത്തിന്റെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പൊലിസ് വകുപ്പ് എക്‌സൈസ്-സാമൂഹ്യനീതി വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വിസ് സൊസൈറ്റി എന്നിവരടങ്ങുന്ന ടീമായാണ് വിദ്യാലയങ്ങളില്‍ പുകയില നിയന്ത്രണ പരിപാടികള്‍ ഊര്‍ജിതപ്പെടുത്തുക. പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുകയില ദുരുപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിശീലനം നല്‍കും. തുടര്‍ന്നു വിദ്യാലയങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി കൗണ്‍സിലിങ് നല്‍കും.
വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രിയിലെ പുകയില വിമുക്ത കൗണ്‍സിലിങ് കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യും. മറ്റു വകുപ്പുകളുടെ സഹകരണത്തോടെ വിദ്യാലയ പരിസരങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന ഏജന്റുമാരെ പിടിക്കൂടാനും പദ്ധതിയുണ്ട്. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ നാസര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.പി ജീജ, ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എന്‍.എന്‍ രാജേന്ദ്രന്‍, ശശികുമാര്‍, എം.എസ് വിജയന്‍, മോഹനന്‍, ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസര്‍ ഇബ്രാഹീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."