ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; രൂപീന്ദറിന്റെ മികവില്‍ ഇന്ത്യ
കൗന്റന്‍: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ മലേഷ്യക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. രൂപീന്ദര്‍ പാല്‍ സിങ് ടീമിനായി ഇരട്ട ഗോളുകള്‍ നേടി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ഇന്ത്യക്ക് സാധിച്ചു. അഞ്ചു കളിയില്‍ 13 പോയിന്റാണ് ഇന്ത്യക്കുള്ളത്. മലേഷ്യക്ക് നാലു കളിയില്‍ ഒന്‍പതു പോയിന്റുണ്ട്. ഈ നേട്ടം സെമി ഫൈനലില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. കഴിഞ്ഞ ദിവസം ചൈനയെ എതിരില്ലാത്ത ഒന്‍പതു ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്തിരുന്നു.
ഇന്ത്യയുടെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. നിരന്തരം നീക്കങ്ങള്‍ നടത്തിയ ഇന്ത്യയ്ക്കാണ് മത്സരത്തിലെ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചത്. രൂപിന്ദറിന്റെ തകര്‍പ്പന്‍ കിക്ക് മലേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബ്രഹ്മണ്യന്‍ കുമാര്‍ സേവ് ചെയ്യുകയായിരുന്നു. പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിയ മലേഷ്യ മികച്ച നീക്കങ്ങളോടെ ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇതിനിടെ ഇന്ത്യക്ക് അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചു. എന്നാല്‍ ഇത്തവണ കിക്കെടുത്ത രൂപീന്ദര്‍ സ്‌കോര്‍ ചെയ്തു. താരത്തിന്റെ ഷോട്ട് മലേഷ്യന്‍ താരങ്ങള്‍ പ്രതിരോധിച്ചെങ്കിലും റീബൗണ്ടില്‍ രൂപീന്ദര്‍ ലക്ഷ്യം കാണുകയായിരുന്നു.
ആദ്യ ക്വാര്‍ട്ടറില്‍ ഈ ഗോളിന് ഇന്ത്യ മുന്നിട്ടു നിന്നു. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ലഭിച്ച സുവര്‍ണാവസരം യൂസുഫ് അഫാന്‍ പാഴാക്കി. വൈകാതെ തന്നെ മലേഷ്യ സമനില ഗോള്‍ നേടി. ടീമിനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍ റാസി റഹീമാണ് ടീമിന്റെ ഗോള്‍ നേടിയത്. ഈ ഗോള്‍ നേടിയ ശേഷം തുടരെ ആക്രമണങ്ങള്‍ നടത്താന്‍ മലേഷ്യക്കായി. എന്നാല്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ആകാശ് ചിക്തെയുടെ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യയെ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരുടീമുകളും സമനില പാലിച്ചു.
മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യക്കായിരുന്നു മുന്‍തൂക്കം. തുടരെ നീക്കങ്ങള്‍ നടത്തിയെങ്കിലും ഫിനിഷ് പോരായ്മ തിരിച്ചടിയായി. സുബ്രഹ്മണ്യന്‍ കുമാറിന്റെ മികവും ഇന്ത്യക്ക് തടസം നിന്നു.
അവസാന ഘട്ടത്തില്‍ മലേഷ്യന്‍ പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ആകാശ് ഇത്തവണയും ഇന്ത്യയെ രക്ഷപ്പെടുത്തി. നാലാം ക്വാര്‍ട്ടറില്‍ മഞ്ഞക്കാര്‍ഡ് കണ്ടത് ഇന്ത്യക്ക് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ ഇന്ത്യക്കെതിരേ മലേഷ്യ നിരന്തരം നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
മത്സരം സമനിലയാവുമെന്ന് കരുതവേയാണ് രൂപീന്ദര്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യക്ക് ജയമൊരുക്കിയത്. തുടര്‍ന്ന്് മലേഷ്യ ഗോളിനായി പൊരുതിയെങ്കിലും ഫലം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."