രോഗശയ്യയിലും ജയലളിതയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തളരാതെ ചന്തുകുട്ടി
കണ്ണൂര്‍: ജയലളിതയുടെ ജീവന്‍ തുടിക്കുന്ന ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ ആലക്കോട് സ്വദേശി പി.വി ചന്തുകുട്ടിയെന്ന എണ്‍പതു വയസുകാരന്‍. അണ്ണാ ഡി.എം.കെയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന ചന്തുകുട്ടിക്ക് എം.ജി.ആറുമായും ജയലളിതയുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കമ്മ്യൂണിസ്റ്റുകാരനായിരുന്ന ചന്തുകുട്ടി എം.ജി.ആറിന്റെ പ്രവര്‍ത്തന ശൈലിയില്‍ ആകൃഷ്ടനായാണ് അണ്ണാ ഡി.എം.കെ.യില്‍ അംഗത്വമെടുത്തത്. കേരളത്തിലാണെങ്കിലും എം.ജി.ആറിന്റെ പല പൊതുയോഗങ്ങളിലും പങ്കെടുക്കാന്‍ ചന്തുകുട്ടി തമിഴ്‌നാട്ടില്‍ എത്തുമായിരുന്നു. എം.ജി.ആറിന്റെ മരണ ശേഷം പാര്‍ട്ടിയുടെ ചുമതല ജയലളിത ഏറ്റെടുത്തപ്പോഴും കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ മറ്റു നേതാക്കള്‍ക്കൊപ്പം ചന്തുകുട്ടിയും സജീവമായി.
പാവപെട്ടവരോട് അമ്മ കാണിക്കുന്ന കരുണയാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി വളരാന്‍ അണ്ണാ ഡി.എം.കെക്ക് സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. 14 വര്‍ഷം മുന്‍പ് ഭാര്യ മരിച്ചപ്പോഴും മകന്റെ കല്യാണ വിവരവുമെല്ലാം കത്ത് മുഖാന്തിരം ജയലളിതയെ അറിയിച്ചിരുന്നതായും അതിനെല്ലാം മറുപടി ലഭിച്ചതായും അദ്ദേഹം ഓര്‍മ്മിക്കുന്നു. ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാട് നടത്തുന്നത് പതിവായിരുന്നു. പതിനഞ്ചു വര്‍ഷം മുന്‍പ് തളിപ്പറമ്പില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ജയലളിതയെ സ്വീകരിക്കാന്‍ ടൗണില്‍ പാര്‍ട്ടി പതാക കെട്ടിയതും ആദ്യമായി അമ്മയെ നേരില്‍ കാണാന്‍ സാധിച്ചതും ചന്തുകുട്ടി നിറ കണ്ണുകളോടെ ഓര്‍ത്തെടുക്കുന്നു. അമ്മയുടെ മരണ ശേഷവും പനീര്‍ ശെല്‍വത്തിലൂടെ തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെ വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ചന്തുകുട്ടി. രോഗം വന്ന് കാല്‍ മുറിച്ചു മാറ്റിയതിനാല്‍ അമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ ചെന്നയില്‍ എത്താന്‍ സാധിക്കാത്തതിന്റെ വേദനയില്‍ കഴിയുകയാണ് ഈ അണ്ണാ ഡി.എം.കെ നേതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."