മലപ്പുറം ആദ്യ കറന്‍സിരഹിത ജില്ല
മലപ്പുറം: സംസ്ഥാനത്തെ ആദ്യ കറന്‍സിരഹിത ജില്ലയായി മലപ്പുറത്തെ പ്രഖ്യാപിച്ചു. കാല്‍ ലക്ഷത്തിലധികം പേരെ കറന്‍സിരഹിത ഇടപാടുകള്‍ക്ക് പ്രാപ്തരാക്കിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പ്രഖ്യാപനം നടത്തിയത്.
കേന്ദ്ര മാനദണ്ഡ പ്രകാരം പത്ത് വ്യാപാരികളേയും നാല്‍പത് പൊതുജനങ്ങളേയും കറന്‍സിരഹിത ഇടപാടുകള്‍ക്ക് സജ്ജരാക്കിയാല്‍ കറന്‍സിരഹിത പഞ്ചായത്തായി പ്രഖ്യാപിക്കാമെന്നാണ്. ജില്ലയില്‍ മൊത്തം 94 പഞ്ചായത്തുകളും 12 മുനിസിപ്പാലിറ്റികളുമാണ് ഉള്ളത്. കേന്ദ്ര മാനദണ്ഡ പ്രകാരം 5300 പേരെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സജ്ജരാക്കിയാല്‍ കറന്‍സിരഹിത ജില്ലയായി പ്രഖ്യാപിക്കാവുന്നതാണ്.
സംസ്ഥാനത്ത് ഇതുവരെ 49,826 പൊതുജനങ്ങളെയും 4235 വ്യാപാരികളെയും കറന്‍സിരഹിത ഇടപാടുകള്‍ നടത്തുന്നതിന് പ്രാപ്തരാക്കിയിട്ടുണ്ട്. ഇതില്‍ 23,748 പൊതുജനങ്ങളും 2194 വ്യാപാരികളും ജില്ലയില്‍ നിന്നുള്ളവരാണ്. 5300 പേരെ മാത്രം സജ്ജരാക്കിയാല്‍ ജില്ലയെ ഡിജിറ്റലായി പ്രഖ്യാപിക്കാന്‍ കഴിയും. പ്രഖ്യാപനത്തിലൊതുങ്ങാതെ സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ സജ്ജരാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി കോട്ടക്കല്‍ നഗരസഭയെ ആദ്യത്തെ ഡിജിറ്റല്‍ നഗരമായും നെടുങ്കയത്തെ ആദ്യ ഡിജിറ്റല്‍ ആദിവാസി കോളനിയായും ആദ്യ കറന്‍സിരഹിത വില്ലേജായി പൊന്നാനിയെയും സന്‍സദ് ആദര്‍ശ് ഗ്രാമമായി നന്നമ്പ്ര, താനാളൂര്‍ ഗ്രാമപഞ്ചായത്തുകളെയും പ്രഖ്യാപിച്ചിരുന്നു. പത്രസമ്മേളനത്തില്‍ പദ്ധതി നോഡല്‍ ഓഫിസര്‍ ജെ.ഒ അരുണ്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."