ഹജ്ജ് അപേക്ഷകര്‍ക്ക് അടിയന്തരമായി പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ വിദേശകാര്യ വകുപ്പിന്റെ നിര്‍ദേശം
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷകര്‍ക്ക് അടിയന്തരമായി പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ മുഴുവന്‍ പാസ്പോര്‍ട്ട് ഓഫിസുകള്‍ക്കും വിദേശ കാര്യ വകുപ്പ് നിര്‍ദേശം നല്കി. ഈ മാസം 24 വരെയാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇവരില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്കും,70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും നേരിട്ട് അവസരം ലഭിക്കുമെന്നതിനാല്‍ അപേക്ഷയോടൊപ്പം തന്നെ പാസ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.
ഹജ്ജ് യാത്രയ്ക്ക് പാസ്പോര്‍ട്ടിനായി എത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ നല്‍കണമെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
പാസ്പോര്‍ട്ട് ഓഫിസുകളില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ ഒരുക്കി നോഡല്‍ ഓഫിസറെ നിയമിക്കണം. ഇവരുടെ വെരിഫിക്കേഷനുകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വകുപ്പ് പൊലിസ് ഉദ്യോഗസ്ഥരോടും നിര്‍ദേശിക്കണം. പാസ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ തീര്‍ഥാടനം മുടങ്ങുന്ന സാഹചര്യമുണ്ടാവരുതെന്നും നിര്‍ദേശത്തിലുണ്ട്. രാജ്യത്തെ മുഴുവന്‍ പാസ്പോര്‍ട്ട് ഓഫിസുകള്‍ക്കും വിദേശ കാര്യ മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഹജ്ജ് അപേക്ഷകന് പാസ്പോര്‍ട്ടുണ്ടായിരിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. നേരിട്ട് അവസരം ലഭിക്കാത്ത അപേക്ഷകരായാലും അപേക്ഷയില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം. 2018 ഫെബ്രുവരി 28 വരെയെങ്കിലും കാലാവധിയുളള പാസ്പോര്‍ട്ട് തീര്ഥാടകനുണ്ടായിരിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം.
ഈ വര്‍ഷം ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിന് കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണുള്ളത്. പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരും പാസ്പോര്‍ട്ട് ഇതുവരെ എടുക്കാത്തവരും കൂടുതലുണ്ട്. വിദേശ കാര്യ വകുപ്പിന്റെ നിര്‍ദേശം ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."