മാധ്യമപ്രവര്‍ത്തകര്‍ നുണയന്‍മാരെന്ന് ട്രംപ്; സിഐഎയുമായി ശത്രുതയില്ല
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം ദിവസം തന്നെ രാജ്യത്തെ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ്. തന്റെ സ്ഥാനാരോഹണ സമയത്ത് ക്യാപിറ്റോളില്‍ സന്നിഹിതരായിരുന്നു ആളുകളുടെ എണ്ണം മാധ്യമങ്ങള്‍ കുറച്ചുകാണിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമിയിലെ ഏറ്റവും നന്ദിക്കെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്നും ട്രംപ് അധിക്ഷേപിച്ചു. അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സി സിഐഎയുടെ ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ട്രംപിന്റെ വിമര്‍ശനം.
'പത്ത് ലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. മാധ്യമ റിപ്പോര്‍ട്ടുകള്‍ നുണയാണ്. മാധ്യമങ്ങളുമായി ഞാന്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണ്'ട്രംപ് പറഞ്ഞു. സിഐഎയുമായി തനിക്ക് ശത്രുതയില്ലെന്ന് കൂട്ടിച്ചേര്‍ത്ത ട്രംപ് താന്‍ 1000 ശതമാനം അവരോടൊപ്പമാണെന്ന് 300ഓളം വരുന്ന തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി.
ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറും മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ മനപൂര്‍വ്വം ജനക്കൂട്ടത്തിന്റെ എണ്ണം കുറച്ചുകാട്ടുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോകത്ത് ഇന്നുവരെ കണ്ടതില്‍ വെച്ചേറ്റവും കൂടുതല്‍ ആളുകള്‍ ട്രംപിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുത്തുവെന്നും സ്‌പൈസര്‍ അവകാശപ്പെട്ടു. റോഡ് മെട്രോയില്‍ മാത്രം 4.2 ലക്ഷം ആളുകള്‍ സംബന്ധിച്ചു. 2013ല്‍ ഒബാമയുടെ സ്ഥാനാരോഹണത്തില്‍ 3.17 ലക്ഷം ആളുകള്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ എന്നും സ്‌പൈസര്‍ പറയുന്നു.
എന്നാല്‍ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ എത്ര പേര്‍ പങ്കെടുത്തു എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് അധികൃതരുടെ കൈവശമില്ല.
വെള്ളിയാഴ്ച്ച നടന്നിരുന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീണ്ടപ്പോള്‍ ഇരുനൂറിലധികം പേര്‍ അറസ്റ്റിലായി. ട്രംപിനെതിരെ കഴിഞ്ഞ ദിവസം ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ സ്ത്രീകളുടെ പ്രതിഷേധ റാലികളും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."