ഫൈസല്‍വധം : ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാബു, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുന്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന താനൂര്‍ സി.ഐ അലവിയെ കൂടാതെ മഞ്ചേരി സി.ഐ കെ.എം ബിജുവും സംഘത്തിലുണ്ട്.
അവശ്യഘട്ടത്തില്‍ അന്വേഷണസംഘത്തെ വിപുലീകരിക്കുവാനും പ്രത്യേക അനുമതി ഉന്നതാധികാരികള്‍ നല്‍കിയിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇവര്‍ ഇന്നലെ മലപ്പുറത്ത് യോഗം ചേര്‍ന്നിരുന്നു. ഇതുവരെ നടന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ സംഘം വിലയിരുത്തി. ഇതിലെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
കൃത്യം നടത്തിയ കേസില്‍ തിരൂര്‍ മംഗലം പുല്ലാണി കരാട്ടുകടവ് സ്വദേശി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) ഗൂഢാലോചന കേസില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50)എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കോഴിക്കോട്, തിരൂര്‍ ജയിലുകളില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍, തിരൂര്‍ കുട്ടിച്ചാത്തന്‍കാവ് വിപിന്‍ദാസ്, ഗൂഢാലോചന സംഘത്തിലെ വളളിക്കുന്ന് സ്വദേശി ജയകുമാര്‍ എന്നിവരെയാണ് പിടികൂടാന്‍ ബാക്കിയുള്ളത്.
ഇവര്‍ നാടുവിട്ടെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും കോഴിക്കോട്, താനൂര്‍ ഭാഗങ്ങളില്‍ ഇവരെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. ഇവരെ പിടികൂടുന്നതിനായിരിക്കും അന്വേഷണസംഘം കൂടുതല്‍ പ്രാമുഖ്യം നല്‍കുക.മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ രണ്ടുമാസം പൂര്‍ത്തിയായിട്ടും കേസന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ വ്യാഴാഴ്ച ചെമ്മാട് ടൗണ്‍, കക്കാട് ദേശീയപാത എന്നിവ സര്‍വകക്ഷി സമരസമിതി ഉപരോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2016 നവംബര്‍ 19നാണ് കൊടിഞ്ഞി ഫാറൂഖ്‌നഗറില്‍ ഫൈസല്‍ വെട്ടേറ്റുമരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."