ഭൂമി കൈമാറ്റം: വിവാദ ഉത്തരവുകളുടെ പിന്നാമ്പുറം അന്വേഷിക്കാന്‍ ധാരണ; നടപടി കര്‍ശനമാക്കണമെന്ന് മന്ത്രി ചന്ദ്രശേഖരന് സി.പി.ഐ നിര്‍ദേശം
പ്രജോദ് കടയ്ക്കല്‍
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച അഞ്ച് വിവാദ ഉത്തരവുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ റവന്യൂവകുപ്പില്‍ ധാരണ. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.ഐയും ഇതുസംബന്ധിച്ചു കര്‍ശന നിര്‍ദേശം നല്‍കി. ഉത്തരവ് പുറപ്പെടുവിക്കാന്‍ ഇടയായ സാഹചര്യവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സമൂഹത്തിനു മുന്നില്‍ കൊണ്ടുവരികയാണ് ഉദ്ദേശ്യം.
മെത്രാന്‍ കായല്‍ നികത്തല്‍, കടമക്കുടി വയല്‍ നികത്തല്‍, വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട കമ്പനിക്ക് ഭൂമി പതിച്ചു നല്‍കല്‍, ഇടുക്കി ഹോപ്പ് പ്ലാന്റേഷന്‍സിന് ഭൂമി പതിച്ചുനല്‍കല്‍, നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ നികുതി അടക്കാന്‍ പോബ്‌സ് ഗ്രൂപ്പിനു നല്‍കിയ അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പിന്നാമ്പുറമാണ് പ്രധാനമായും അന്വേഷിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ ഉപസമിതി ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്തു അന്വേഷണത്തിനു സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യും. ടൂറിസം പദ്ധതിക്കുവേണ്ടി കുമരകത്തെ മെത്രാന്‍ കായലും മെഡിസിറ്റിക്കുവേണ്ടി എറണാകുളം കടമക്കുടിയിലെ വയലുകളും നികത്താന്‍ അനുമതി നല്‍കികൊണ്ട് മുന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും മെത്രാന്‍ കായല്‍ നികത്തുന്നതു ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ രണ്ട് ഉത്തരവുകളും സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.
കേരള നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചാണു കുമരകത്തെ മെത്രാന്‍ കായല്‍ പാടശേഖരത്തിന്റെ ഭാഗമായി 378 ഏക്കര്‍ നികത്താന്‍ സര്‍ക്കാര്‍ റക്കിന്‍ഡോ ഡെവലപേഴ്‌സ് എന്ന കമ്പനിക്ക് അനുമതി നല്‍കിയത്. പരിസ്ഥിതി സൗഹാര്‍ദ ഇക്കോടൂറിസം പദ്ധതി നടപ്പാക്കുകയായിരുന്നു കമ്പനിയുടെ ഉദ്ദേശ്യം.
ഒന്‍പതുവര്‍ഷമായി ഈ ഭൂപ്രദേശം കൃഷി ചെയ്യാതെ കിടക്കുകയാണെന്നായിരുന്നു അനുമതി നല്‍കിയതിനു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. മെഡിക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കുന്നതിനാണ് കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തിലെ 47ഏക്കര്‍ വയല്‍ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുതൊട്ടുമുന്‍പ് മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലായിരുന്നു രണ്ട് ഉത്തരവുകളും പുറത്തിറങ്ങിയത്. ഇതോടൊപ്പം വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട കമ്പനിക്കും ഇടുക്കി പീരുമേട്ടിലെ ഹോപ്പ് പ്ലാന്റേഷന്‍സിനും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതും നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ ലാന്‍ഡ് ടാക്‌സ് അടക്കാന്‍ പോബ്‌സ് ഗ്രൂപ്പിനു അനുമതി നല്‍കിയ ഉത്തരവും വിശദമായി അന്വേഷിക്കും.
സന്തോഷ് മാധവനു ഓഹരി പങ്കാളിത്തമുള്ള കൃഷി പ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു എറണാകുളത്തും തൃശൂരിലുമായി 127.85 ഏക്കര്‍ മിച്ചഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ച ഉത്തരവും ഇടുക്കി ഹോപ്പ് പ്ലാന്റേഷന്‍സിനു പീരുമേട്ടില്‍ 557 ഏക്കര്‍ ഏലം, തേയില തോട്ടം പതിച്ചുനല്‍കാനും പുറപ്പെടുവിച്ച ഉത്തരവും പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിക്കേണ്ടിവന്നിരുന്നു.
നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിനുമേല്‍ അവകാശവാദം ഉന്നയിക്കുന്ന പോബ്‌സ് ഗ്രൂപ്പിനു എസ്റ്റേറ്റിന്റെ ഭൂനികുതി അടക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവും വിവാദമായിരുന്നു. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നടക്കുന്നതിനിടെയായിരുന്നു സര്‍ക്കാര്‍ നടപടി. സംഭവം വിവാദമായെങ്കിലും ഉത്തരവ് റദ്ദാക്കാതെ നേരിയ മാറ്റംവരുത്തുക മാത്രമാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. ഈ അഞ്ചു ഉത്തരവുകള്‍ക്കു പുറമേ ജനുവരി ഒന്നിനുശേഷം പുറപ്പെടുവിച്ച ഉത്തരവുകള്‍ എല്ലാം പരിശോധിക്കാനാണു ഇടതു സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി മന്ത്രി എ.കെ ബാലന്‍ കണ്‍വീനറായും മന്ത്രിമാരായ തോമസ് ഐസക്, വി.എസ് സുനില്‍കുമാര്‍, മാത്യു ടി.തോമസ്, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളായും രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയെ ആദ്യമന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച ചേരുന്ന ഉപസമിതി യോഗത്തില്‍ സമര്‍പ്പിക്കുന്നതിനായി ജനുവരിക്കുശേഷം പുറപ്പെടുവിച്ച ഉത്തരവുകളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."