എന്‍.ജി.ഒ സമ്മേളനം ഇന്നുമുതല്‍ മലപ്പുറത്ത്; സമ്മേളനം നടക്കുന്നത് 14 വര്‍ഷത്തിനു ശേഷം
മലപ്പുറം: കേരള എന്‍ജിഒ യൂനിയന്‍ സംസ്ഥാന സമ്മേളനം ഇന്നുമുതല്‍. 14 വര്‍ഷത്തിനുശേഷമാണു ജീവനക്കാരുടെ സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടനയായ എന്‍.ജി.ഒ യൂനിയന്‍ സമ്മേളനം മലപ്പുറത്തു നടക്കുന്നത്. ജില്ലയില്‍ ഇതു നാലാംവട്ടമാണ് എന്‍.ജി.ഒ യൂനിയന്‍ സമ്മേളനം നടക്കുന്നത്.
ഇന്നാരംഭിക്കുന്ന സമ്മേളനം 30നു സമാപിക്കും. ഇന്നലെ വൈകിട്ട് പതാക ഉയര്‍ത്തി. പൊതുസമ്മേളന നഗരിയായ ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ ഉയര്‍ത്താനുള്ള പതാക എടപ്പാളില്‍നിന്നും കൊടിമരം കൂട്ടിലങ്ങാടിയില്‍നിന്നും ജാഥയായാണ് എത്തിച്ചത്. യൂനിയന്‍ സ്ഥാപക നേതാവ് ഇ പത്മനാഭന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച പതാകജാഥ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ഇരു ജാഥകളേയും മലപ്പുറം പെട്രോള്‍ പമ്പ് പരിസരത്തുനിന്ന് പ്രകടനമായി സ്വീകരിച്ചാനയിച്ചു പൊതുസമ്മേളന നഗരിയായ ടൗണ്‍ഹാളിലെത്തിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പാലോളി മുഹമ്മദ്കുട്ടി പതാക ഉയര്‍ത്തി . തുടര്‍ന്നു പ്രമുഖ കവികള്‍ പങ്കെടുത്ത കാവ്യസന്ധ്യ നടന്നു. ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.
സമ്മേളനത്തിന്റെ വരവറിയിച്ച് മലപ്പുറത്ത് വിളംബര ജാഥ നടത്തി. ജാഥ സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച് കോട്ടപ്പടിയില്‍ സമാപിച്ചു. ജാഥക്ക് യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി, പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍, സംസ്ഥാന സെക്രട്ടറി കെ സുന്ദരരാജ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ കെ കൃഷ്ണപ്രദീപ് സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുത്തുക്കുടകളും ബലൂണുകളും ചെണ്ടമേളവുമൊക്കെയായി ആകര്‍ഷകമായിരുന്നു വിളംബര ജാഥ. ഇന്നു രാവിലെ പ്രതിനിധിസമ്മേളനം ആരംഭിക്കും. നാളെയാണു പൊതുസമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."