'മരണം' കണ്ണുതുറപ്പിച്ചു; ദേശീയപാതയില്‍ കുഴിയടക്കല്‍ തകൃതി
മണ്ണഞ്ചേരി: അപകട മേഖലയായ പാതിരപ്പള്ളി ദേശീയപാതയില്‍ കുഴിയടക്കല്‍ തുടങ്ങി. പൊലീസുകാരന്റെ അപകമരണത്തേ തുടര്‍ന്നാണ് കുഴിയടക്കല്‍ പണികള്‍ വേഗത്തിയിലായത്. നഗരത്തിന് വടക്കുഭാഗത്താണ് ഇന്നലെ രാവിലെ മുതല്‍ പണികള്‍ തുടങ്ങിയത്.
അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോഴും കണ്ണടച്ചവരാണ് ആലപ്പുഴ ട്രാഫിക് പൊലീസുകാരന്റെ മരണത്തില്‍ നാട്ടില്‍ വീണ്ടും പ്രതിഷേധം അലയടിച്ചപ്പോള്‍ കുഴിയടക്കല്‍ യജ്ഞവുമായി ഇറങ്ങിയിരിക്കുന്നത്.
പാതിരപ്പള്ളി,പൂങ്കാവ് പ്രദേശങ്ങളില്‍ രണ്ട് വര്‍ഷക്കാലമായി നാട്ടുകാര്‍ നിരന്തരപ്രതിഷേധ പ്രവര്‍ത്തനങ്ങളിലായിരുന്നു. ദേശീയപാതയില്‍ ഇപ്പോള്‍ ചേര്‍ത്തല എക്‌സറേക്കവല മുതല്‍ അമ്പലപ്പുഴ വരെ കുണ്ടുംകുഴിയും നിറഞ്ഞ രീതിയിലാണ്.
ഇതോടൊപ്പം വേനല്‍മഴയെതുടര്‍ന്ന് പുറമേ ഉറപ്പിച്ച മെറ്റിലുകള്‍ ടാര്‍ വേര്‍പെട്ട് ഇളകി റോഡില്‍തന്നെ കിടക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണംതെറ്റിയുള്ള അപകടങ്ങളും പതിവാകുന്നുണ്ട്.
വാഹനപ്പെരുപ്പത്തിനനുസരിച്ചുള്ള റോഡുവികസനം നടക്കാത്തതാണ് അപകടങ്ങളുടെ പ്രധാനകാരണമായി അധികൃതര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവര്‍ പാതയുടെ വികസനത്തിനായി ചെറുവിരലനക്കുന്നില്ലെന്ന പരാതിയാണ് നാട്ടിലുയരുന്നത്.
നിലവിലെ പാതയിലെ പ്രധാനവില്ലനാകുന്നത് റോഡിന്റെ അരുകുഭാഗത്തെ ഉയരവ്യത്യാസമാണ്. ഇതുപരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയ ജില്ലാഭരണകൂടം പൂങ്കാവില്‍ രണ്ട് ലോഡ് ഗ്രാവല്‍ ഇറക്കിയതല്ലാതെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് പരാതി.
ഈ ഭാഗങ്ങളില്‍ അപകടമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിഷേധം തണുപ്പിക്കാനായി എന്തെങ്കിലും തട്ടിക്കൂട്ടലുകള്‍ പതിവാണെന്നും അത്തരത്തിലുള്ള തന്ത്രമാണ് നിലവിലെ കുഴിയടക്കലുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."