ന്യൂസ്ഫീഡില്‍ പരസ്യങ്ങളും വാര്‍ത്തകളും കണ്ടു മുഷിയേണ്ട
കാലിഫോര്‍ണിയ: ഇനിമുതല്‍ വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യവും വിവിധ മാധ്യമങ്ങളുടെ വാര്‍ത്തകളും നിങ്ങളുടെ ഫെയ്സ്ബുക്ക് ന്യൂസ്ഫീഡില്‍ വന്നുനിറയില്ല. പകരം, നിങ്ങള്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുടെ കുറിപ്പുകള്‍, അപ്ഡേറ്റുകള് എല്ലാം സൗകര്യം പോലെ വായിക്കാം.
ഫെയ്സ്ബുക്ക് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിനെ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു പുതിയ നീക്കം.വിവിധ മാധ്യമ, വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യ വാര്‍ത്തകളെക്കാളും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സൗഹൃദ ഗ്രൂപ്പുകളുടെയും അപ്ഡേറ്റുകള്‍ക്കു പ്രാധാന്യം നല്കി ഫെയ്സ്ബുക്കിന്റെ അല്‍ഗൊരിതം(കംപ്യൂട്ടര്‍ പ്രോഗാമിങ്ങിന്റെ നടപടിക്രമം) ചിട്ടപ്പെടുത്തുകയാണു ചെയ്യുക.
ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ പങ്കുവയ്ക്കുകയോ പ്രതികരിക്കുകയോ ചെയ്യാതെ വിടുന്ന തരത്തിലുള്ള വാണിജ്യ പോസ്റ്റുകള്‍, വാര്‍ത്തകള്‍, വിഡിയോകള്‍ എന്നിവ നിയന്ത്രിക്കും.
പകരം അര്‍ഥവത്തായ ഇടപെടലും ചര്‍ച്ചയും നടക്കുന്ന പോസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.
തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ വാണിജ്യ, ബ്രാന്‍ഡ്, മാധ്യമ വാര്‍ത്തകളും വിഡിയോകളും നിങ്ങളുടെ ഫീഡില്‍ അപൂര്‍വമായേ കാണൂവെന്ന് ഫെയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഒരു സംഘം നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നും അദ്ദേഹം അറിയിച്ചു.
ഉപഭോക്താക്കളുടെ നന്മ മുന്നില്‍ കണ്ടാണ് ഗവേഷക സംഘം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."