കല്ലാച്ചി-വാണിമേല്‍ റോഡ് തകര്‍ച്ച: 14ന് വാഹന പണിമുടക്ക്
വാണിമേല്‍: കല്ലാച്ചി-വാണിമേല്‍ റോഡിലെ കല്ലാച്ചി മുതല്‍ ചിയ്യൂര് വരെയുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. റോഡിലൂടെയുള്ള യാത്ര ദുസ്സഹമായതിനാല്‍ 14ന് വാഹനങ്ങള്‍ പണിമുടക്ക് നടത്തും.
ചിയ്യൂര് മുതല്‍ ഭൂമിവാതുക്കല്‍ വരെയുള്ള ഭാഗം മൂന്നര കോടി രൂപ ചെലവില്‍ കഴിഞ്ഞ വര്‍ഷം നവീകരിച്ചിരുന്നു. അവശേഷിക്കുന്ന രണ്ടര കിലോ മീറ്റര്‍ ദൂരം മാത്രമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.
വിഷയത്തില്‍ സ്ഥലം എം.എല്‍.എ വേണ്ടവിധത്തില്‍ ഇടപെടുന്നില്ലെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടി റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അന്ന് അറ്റകുറ്റപ്പണികള്‍ക്കായി എട്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് എം.എല്‍.എയുടെ ഓഫിസ് അറിയിച്ചിരുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി ഇതുവരെ നടന്നിട്ടില്ല. വിപുലമായ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉടന്‍ പ്രശ്നത്തിനു പരിഹാരം ഉണ്ടാകുമെന്നാണ് എം.എല്‍.എ പറയുന്നത്. അതേസമയം സമരവുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. വാണിമേല്‍ പഞ്ചായത്ത് യൂത്ത് ലീഗും സമരത്തിനൊരുങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."