കുട്ടനാട് കാര്‍ഷിക മേഖലയിലെ നെല്ല് ചുമട്ടുകൂലി നിരക്കുകള്‍ പുതുക്കി
ആലപ്പുഴ: കുട്ടനാട് കാര്‍ഷിക മേഖലാ വ്യവസായ ബന്ധസമിതി കുട്ടനാട്ടിലെ നെല്ല് ചുമട്ട് കൂലി പുതുക്കി നിശ്ചയിച്ചു. 50 മീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ നെല്ല് ചാക്കില്‍ നിറച്ച് തൂക്കി വള്ളത്തില്‍ കയറ്റുന്നതിന് ക്വിന്റലിന് 85 രൂപയായി വര്‍ധിപ്പിച്ചു.
50 മീറ്റര്‍ ദൂരം കഴിഞ്ഞ് അധികമായി വരുന്ന ഓരോ 25 മീറ്ററിനും അഞ്ച് രൂപയായി നിലനിര്‍ത്തി. കളങ്ങളില്‍ നിന്ന് നെല്ല് ചാക്കില്‍ നിറച്ച് ചാക്ക് തുന്നി, തൂക്കി നേരിട്ട് ലോറിയില്‍ കയറ്റി കൊടുക്കുന്നതിന് ക്വിന്റലിന് 110 രൂപയായി വര്‍ധിപ്പിച്ചു.
കടവുകളില്‍ നിന്ന് നെല്ല് ലോറിയില്‍ കയറ്റുന്നതിന് ക്വിന്റലിന് 35 രൂപയായി വര്‍ധിപ്പിച്ചു. റോഡില്‍ നിന്നും നേരിട്ട് ലോറിയില്‍ കയറ്റുന്നതിന് ക്വിന്റലിന് 35 രൂപയായി നിശ്ചയിച്ചു.
ചാക്കുകളില്‍ നെല്ല് 50 കിലോയായി നിജപ്പെടുത്തി നിറയ്‌ക്കേണ്ടതാണ്.
അധികഭാരം ഒഴിവാക്കേണ്ടതാണ്. ലേബര്‍ കമ്മീഷണറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ എസ് തുളസീധരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൂലി നിരക്കിന് ഫെബ്രുവരി 14 മുതല്‍ 2018 ലെ രണ്ടാം കൃഷി വിളവെടുപ്പ് വരെ പ്രാബല്യം ഉണ്ടാകും.
മേല്‍ നിരക്കിലേക്കാള്‍ കൂടുതല്‍ നിരക്ക് വാങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യവസായബന്ധസമിതി അറിയിച്ചു.
യോഗത്തില്‍ കര്‍ഷക തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ ഡി. ലക്ഷമണന്‍, ബി.ആര്‍. കൈമള്‍ കരുമാടി, തോമസ് ജോസഫ് ഇല്ലിയ്ക്കല്‍ എന്നിവരും കര്‍ഷക പ്രതിനിധികളായ അമ്മിണി വര്‍ഗീസ്, പി.വി. രാമഭദ്രന്‍, എം. ബേബി, ജോസ് പി. ആലഞ്ചേരി, പി.റ്റി. സ്‌കറിയ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."