'ചരിത്രപരമായ സന്ദർശനം': നരേന്ദ്ര മോദി റാമല്ലയിലെത്തി
റാമല്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെ റാമല്ലയില്‍ എത്തി. ഇസ്‌റാഈല്‍, ജോര്‍ദാന്‍ ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് മോദി റാമല്ലയില്‍ ഇറങ്ങിയത്. റാമല്ലയില്‍ മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ ഖബറിടത്തില്‍ മോദി എത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്.
ഫലസ്തീനില്‍ എത്തിയെന്നും, ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനുള്ള ചരിത്രപരമായ സന്ദര്‍ശനമാണിതെന്നും മോദി ട്വീറ്റ് ചെയ്തു.
الوصول الى فلسطين .هذة زيارة تاريخية سوف تقود الى تعاون ثنائي اقوى. pic.twitter.com/NMCIjK8OMx
— Narendra Modi (@narendramodi) February 10, 2018
ഫലസ്തീന്‍ നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം, പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുവരും വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കും. അതുകഴിഞ്ഞ്, ഇരുവരും ഉച്ചഭക്ഷണത്തില്‍ പങ്കെടുക്കും.
ശേഷം ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീങ്ങും. തുടര്‍ന്ന് അബൂദാബിയിലേക്കും പോവും.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തി ഒരു മാസമാവുന്നതിനിടെയാണ് മോദിയുടെ ഫലസ്തീന്‍ സന്ദര്‍ശനം.
ജോര്‍ദാന്‍ വഴിയാണ് മോദിയുടെ ഫലസ്തീന്‍ സന്ദര്‍ശനം. ഇന്നലെ വിമാനത്തില്‍ ജോര്‍ദാനിലെത്തിയ മോദി, കിങ് അബ്ദുല്ല രണ്ടാമന്റെ ഹെലികോപ്റ്ററിലാണ് ഇന്ന് ഫലസ്തീനിലെ റാമല്ലയില്‍ എത്തിയത്.
ഫലസ്തീനു ശേഷം, യു.എ.ഇ, ഒമാന്‍ രാഷ്ട്രങ്ങളിലേക്കും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്. ഇന്ന് വൈകിട്ടോടെ യു.എ.യില്‍ എത്തുന്ന മോദി, നാളെ ഒമാനിലെ മസ്‌കത്തിലേക്ക് തിരിക്കും. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചുവരും.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി 2015 ഒക്ടോബറിലും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് 2016 ജനുവരിയിലും ഫലസ്തീന്‍ സന്ദര്‍ശനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."