കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്വപ്‌നമാകുന്നു
പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്വപ്നം മാത്രമാവുന്നു. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കോച്ച് ഫാക്ടറിയ്ക്കായി ഫണ്ടുകളൊന്നും വകയിരുത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ നാല് ബജറ്റുകളിലും കോച്ച് ഫാക്ടറിയെ പാടെ അവഗണിക്കുകയായിരുന്നു.
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആദ്യവര്‍ഷം തന്നെ കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി നല്‍കിയ വാഗ്ദാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് ബജറ്റിലും വാഗ്ദാനം ജലരേഖയാവുകയാണുണ്ടായത്. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് സേലം റെയില്‍വേ ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ പാലക്കാടിന് നല്‍കിയ വാഗ്ദാനമായിരുന്നു കോച്ച് ഫാക്ടറി. സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 439 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സൗജന്യമായി റെയില്‍വേക്ക് കൈമാറി. 2008-09 വര്‍ഷത്തിലെ റെയില്‍വേ ബജറ്റിലാണ് കോച്ച് ഫാക്ടറിക്ക് അനുമതി നല്‍കിയത്.
പൊതുമേഖലയില്‍ കോച്ച് ഫാക്ടറി നിര്‍മിക്കുക എന്ന ആശയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയതോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു. രണ്ടാം യു.പി.എ സര്‍ക്കാര്‍ അത് 76 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ചെറുകിട ഫാക്ടറിയായി പദ്ധതി-ചുരുക്കി. പാലക്കാട് എം.പി എം.ബി. രാജേഷിന്റെ ഇടപെടലും ഇടതുമുന്നണിയുടെ ശക്തമായ സമരത്തെയും തുടര്‍ന്ന് 2012 ഫെബ്രുവരി 21ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ അന്നത്തെ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി പാലക്കാട് കോട്ടമൈതാനിയില്‍ കോച്ച് ഫാക്ടറിക്ക് ശിലയിട്ടെങ്കിലും ഇത് പിറവം ഉപതെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് നടത്തിയ രാഷ്ട്രീയ തട്ടിപ്പായിരുന്നു അതെന്ന് പിന്നീടാണ് കേരളത്തിന് ബോധ്യമായത്. എറ്റെടുത്തു നല്‍കിയ സ്ഥലം 230 ഏക്കര്‍ മതിയെന്നും അതിനുള്ള വില റെയില്‍വേ നല്‍കാമെന്നും പിന്നീട് തീരുമാനിച്ചു. ഇതേതുടര്‍ന്ന് സ്ഥലവില വാങ്ങി യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങി.
പിന്നീട് അധികാരത്തില്‍ വന്ന കേന്ദ്ര സര്‍ക്കാര്‍ കോച്ച് ഫാക്ടറി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും ഉണ്ടായില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്തും തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും കോച്ച് ഫാക്ടറിക്ക് 145 കോടി അനുവദിച്ച കേന്ദ്രസര്‍ക്കാരിന് അഭിനന്ദനങ്ങള്‍ എന്ന് ഫ്‌ളക്‌സ് ബോര്‍ഡ് വച്ച ബി.ജെ.പി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ബജറ്റില്‍ തന്നെ ടോക്കണ്‍ തുകയായ 19 ലക്ഷമാണ് അനുവദിച്ചത്. കോച്ച് ഫാക്ടറിയോട് കേന്ദ്ര സര്‍ക്കാറിന് നിഷേധ നിലപാടാണ് എന്നാല്‍ ഈ ബജറ്റിലും കോച്ച് ഫാക്ടറിയ്ക്കായി കേന്ദ്രം ഫണ്ടുകളൊന്നും വകയിരുത്താത്തതിനാല്‍ കോച്ച് ഫാക്ടറി എന്ന സ്വപ്നം പാളങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."