വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എ.ഡി.ജി.പി റാങ്കിലേക്ക് തരംതാഴ്ത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡി.ജി.പി റാങ്കില്‍ നിന്ന് എ.ഡി.ജി.പി റാങ്കിലേക്ക് തരംതാഴ്ത്താന്‍ സംസ്ഥാനസര്‍ക്കാരിന്റെ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. കേഡര്‍ തസ്തികയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എക്‌സ് കേഡര്‍ തസ്തികയിലേക്ക് താഴ്ത്തണമെന്നാണ് അപേക്ഷയിലുള്ളത്.
മികച്ച ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തിന്റെ അപേക്ഷയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ തസ്തിക ഡി.ജി.പി റാങ്കിലേക്ക് ഉയര്‍ത്താനും ശുപാര്‍ശയുണ്ട്.
ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടലംഘനമാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വിവാദം ഉയരുന്നതിന് മുമ്പ് തന്നെ സംസ്ഥാനം തസ്തിക തരംതാഴ്ത്തല്‍ അപേക്ഷ കേന്ദ്രത്തിന് സമര്‍പ്പിച്ചതായാണ് വിവരം.
അതേസമയം, കേഡര്‍ റിവ്യൂ സമിതി യോഗം ചേര്‍ന്ന ശേഷമേ ഇത്തരമൊരു കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നാണ് ചട്ടം. 2016ലാണ് ഇതിനു മുമ്പ് യോഗം നടന്നത്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് കേഡര്‍ റിവ്യൂ യോഗങ്ങള്‍ നടക്കാറുള്ളത്. അതിനാല്‍ സംസ്ഥാനത്തിന്റെ അപേക്ഷ അസാധുവാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."