പുഴകള്‍ വറ്റിവരളുന്നു കുടിവെള്ളം കിട്ടാക്കനി
കുന്നുംകൈ: വേനല്‍ കനത്തതോടെ ജില്ലയിലെ പുഴകളും വരള്‍ച്ചയിലേക്ക്. വീടുകളിലെ കിണറുകള്‍ പലതും വറ്റിയതിനാല്‍കുടിവള്ളത്തിനും മറ്റുമായി പുഴയെ ആശ്രയിക്കുന്ന മലയോര ജനതയാണ് ഇതുമൂലം ഏറെ പ്രതിസന്ധിയിലായത്. അതേസമയം വെള്ളമുള്ള പുഴകളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് കാരണം ഈ വെള്ളവും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കര്‍ണാടകയില്‍ നിന്ന് ഉത്ഭവിക്കുന്ന തേജസ്വിനി പുഴയുടെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞു. അതേസമയം കൊന്നക്കാടുനിന്ന് ഉത്ഭവിക്കുന്ന ചൈത്രവാഹിനി പുഴകളിലെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ കൃഷിക്കെന്ന പേരില്‍ വന്‍തോതില്‍ ജലം ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. വെള്ളരിക്കുണ്ട്, മാലോം, ഭീമനടി, കുന്നുംകൈ, എച്ചിലാംകയം,പെരുമ്പട്ട എന്നിവിടങ്ങളിലാണ് അമിതമായി ജലം ചൂഷണം ചെയ്യുന്നത്.
അതേസമയം പുഴകളും ജലാശയങ്ങളും സംരക്ഷിക്കേണ്ട പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇതിനായുള്ള ഫണ്ടുകള്‍ പഞ്ചായത്തുകള്‍ വഴി മാറ്റി ചെലവഴിക്കുകയാണെന്നും ആരോപണമുണ്ട്.
മലയോര പഞ്ചായത്തുകളില്‍ അന്‍പതോളം പൊതു കിണറുകള്‍ ഉണ്ടെങ്കിലും ഇവ യഥാസമയം ശുചീകരിക്കാനോ റീചാര്‍ജിങ് നടത്താനോ അധികൃതര്‍ തയാറായിട്ടില്ല.
പലതും നാട്ടുകാര്‍ സംരക്ഷിക്കുന്നുണ്ടെങ്കിലും പല കിണറുകളിലും പാര്‍ശ്വ ഭിത്തികള്‍ തകര്‍ന്നതിനാല്‍ വെള്ളമെടുക്കാന്‍ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. അതേസമയം പുഴകള്‍ മലിനീകരിക്കുന്നവര്‍ക്കെതിരേയും ജല ചൂഷണം നടത്തുന്നവര്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് മലയോരത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."