ഭോപ്പാലില്‍ തടവില്‍ കഴിയുന്നവര്‍ പീഡനത്തിന് ഇരയാകുന്നുവെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ന്യൂഡല്‍ഹി: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ കാത്തുകഴിയുന്നവര്‍ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. സിമി പ്രവര്‍ത്തകരായ തടവുകാര്‍ക്ക് പീഡനമേല്‍ക്കേണ്ടി വരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത് മനുഷ്യാവകാശ കമ്മിഷനാണ്. തടവുകാരെ ശാരീരികവും മാനസികമായി പീഡനത്തിനരയാക്കിയെന്നു പറയുന്ന കമ്മിഷന്റെ റിപ്പോര്‍ട്ട്, കുറ്റക്കാരായ ജയില്‍ അധികൃതര്‍ക്കെതിരേ നടപടി വേണമെന്നും ശുപാര്‍ശ ചെയ്തു. സ്വന്തം മതവിശ്വാസത്തെ തള്ളിപ്പറഞ്ഞും നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചും അവഹേളിക്കുന്നതിന് പുറമെ ഇവരുടെ കൈവശം ഉണ്ടായിരുന്ന ഖുര്‍ആന്‍ വാങ്ങി വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തടവുകാരെ ശാരീരികവും മാനസികവുമായും പീഡിപ്പിക്കാന്‍ നേരിട്ടോ അല്ലാതെയോ കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. തടവുകാരുടെ ശരീരത്തില്‍ എങ്ങനെയാണ് മുറിവേറ്റതെന്ന് മറച്ചുവച്ച ജയില്‍ ഡോക്ടര്‍ പ്രേമേന്ദ്ര ശര്‍മക്കെതിരേ നടപടി വേണമെന്നും 24 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. സഹതടവുകാര്‍, കൊല്ലപ്പെട്ട തടവുകാരുടെ കുടുംബാംഗങ്ങള്‍, അവരുടെ അഭിഭാഷകര്‍, സാമൂഹികപ്രവര്‍ത്തകര്‍, ജയിലിലെ ജീവനക്കാര്‍ എന്നിവരുമായി സംസാരിച്ച ശേഷമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ജയിലില്‍ ആകെ 29 വിചാരണത്തടവുകാരാണ് ഉണ്ടായിരുന്നത്. അതില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതോടെ ഇവരുടെ എണ്ണം 21 ആയി. ഇതില്‍ ഒരാളെ മാത്രമാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം മെയില്‍ 21 പേരുടെയും ബന്ധുക്കള്‍ കമ്മിഷനെ സമീപിച്ചു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തടവുകാരുടെ സാഹചര്യങ്ങള്‍ കമ്മിഷന്‍ അന്വേഷിച്ചത്.
തടവുകാരെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളോട് ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ കുറിച്ചും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. അതേസമയം, കമ്മിഷന്റെ കണ്ടെത്തല്‍ ജയില്‍ മേധാവി സഞ്ജയ് ചൗധരി നിഷേധിച്ചു. റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭോപ്പാല്‍ ജയിലില്‍ നിന്ന് 2016 ഒക്ടോബര്‍ 31ന് അര്‍ധരാത്രി ജയില്‍ചാടിയ എട്ടു സിമി തടവുകാരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് പൊലിസ് പറയുന്നത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും സാഹചര്യത്തെളിവുകളും ഉയര്‍ത്തി സാമൂഹിക പ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയതോടെ കേസില്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
2001ല്‍ സിമിയെ നിരോധിച്ചതിനെ തുടര്‍ന്നാണ് സംഘടനയുടെ പ്രവര്‍ത്തകരായ 29 പേര്‍ അറസ്റ്റിലായത്. ഇതിനു ശേഷം ഒരാളൊഴികെ ബാക്കിയെല്ലാവരും വിചാരണത്തടവുകാരാണ് കഴിയുന്നത്. സി.സി.ടി.വി കാമറയില്‍പെടാതെ അതീവസുരക്ഷയുള്ള ജയിലില്‍ സ്റ്റീല്‍പാത്രവും സ്പൂണും ഗ്ലാസും ഉപയോഗിച്ച് ജയില്‍ സൂപ്രണ്ടിനെ കൊലപ്പെടുത്തിയ ശേഷം 20 അടി ഉയരമുള്ള ജയിലില്‍ നിന്ന് എട്ടുപേര്‍ ചാടിയെന്ന പൊലിസ് ഭാഷ്യം ചോദ്യം ചെയ്യപ്പെട്ടിരുന്നു.കൊല്ലപ്പെട്ട എട്ടുപേരും സ്‌പോര്‍ട്‌സ് ഷൂ, ജീന്‍സ്, ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍, വാച്ച് എന്നിവ ധരിച്ചുകിടക്കുന്ന ചിത്രങ്ങളാണ് മാധ്യമങ്ങളില്‍ വന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."