ഒരു തുള്ളിപോലും ഉപയോഗിക്കാനായില്ല
എടച്ചേരി: നാട് മുഴുവന്‍ വരള്‍ച്ച രൂക്ഷമാകുമ്പോഴും എടച്ചേരിയില്‍ ജലനിധിയുടെ കിണര്‍ ഉപയോഗശൂന്യം. ഗ്രാമ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ കൊമ്മിളി, മുല്ലപ്പള്ളി ഭാഗങ്ങളിലെ 96 ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള ജലനിധിയുടെ കിണറാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉപയോഗമില്ലാതെ കിടക്കുന്നത്. മുല്ലപ്പള്ളി ഭാഗത്ത് തോടിനോട് ചേര്‍ന്നു കിടക്കുന്ന കിണറില്‍ ഇപ്പോഴും മുക്കാല്‍ ഭാഗത്തോളം വെള്ളമുണ്ടെങ്കിലും ഒരു തുള്ളി പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
മൂന്നുവര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയായിരുന്നുവെങ്കിലും ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. 2015ല്‍ പണി പൂര്‍ത്തിയായ ഉടനെ കാര്യക്ഷമത പരിശോധിക്കാനായി വീടുകളിലേക്ക് വെള്ളം പമ്പു ചെയ്തിരുന്നു. വര്‍ഷങ്ങളോളം പ്രതീക്ഷയോടെ കാത്തിരുന്ന നാട്ടുകാര്‍ക്ക് കുടിവെള്ളത്തിന് പകരം ലഭിച്ചത് ചെളിവെള്ളമായിരുന്നു. മഞ്ഞ നിറത്തിലും ദുര്‍ഗന്ധം വമിക്കുന്നതുമായ വെള്ളം അലക്കാന്‍ പോലും പറ്റാത്തതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. സൂക്ഷ്മമായി നോക്കിയപ്പോള്‍ വെള്ളത്തില്‍ നിറയെ പുഴുക്കളെ കണ്ടെത്തിയതായും വീട്ടുകാര്‍ പറയുന്നു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ വെള്ളം പമ്പു ചെയ്യല്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. അതേസമയം ഇതുവരെ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടിയൊന്നും ജലനിധിയുടെ ഭാഗത്ത് നിന്നോ പഞ്ചായത്ത് ഭരണസമിതിയില്‍ നിന്നോ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് കൊമ്മിളി, മുല്ലപ്പള്ളി ഭാഗം. കൂലിപ്പണിക്കാരായ കുടുംബങ്ങളില്‍ നിന്ന് പോലും 4800 രൂപ വാങ്ങിച്ചാണ് ജലനിധിയുടെ കുടിവെള്ള പദ്ധതി ആരംഭിച്ചത്. അര കിലോമീറ്ററിലധികം സഞ്ചരിച്ച് സ്വകാര്യ വ്യക്തിയുടെ കിണറില്‍ നിന്നാണ് മുല്ലപ്പള്ളി ഭാഗക്കാര്‍ വെള്ളം ശേഖരിച്ചു പോന്നത്. ഈ ദുരവസ്ഥയ്ക്ക് പരിഹാരമാവുമെന്ന് കരുതിയാണ് പണം മുടക്കി പദ്ധതിയില്‍ ചേര്‍ന്നതെന്ന് പ്രദേശത്തെ വീട്ടമ്മ പറഞ്ഞു.
ജലനിധിയുടെ പഞ്ചായത്ത് ഡയറക്ടറോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇതിന് പരിഹാരമായി ഫില്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ പഞ്ചായത്ത് ജലനിധിക്ക് ഒന്നും ചെയ്യാനില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മലപ്പുറത്തും തിരുവനന്തപുരത്തുമുള്ള ജലനിധിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇക്കാര്യം പരിഹരിക്കേണ്ടത്. ഇക്കാര്യം ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എം.എല്‍.എയോ മന്ത്രിയോ ഇടപെട്ടാല്‍ കാലതാമസം കൂടാതെ ഈ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകും.
സ്ഥലം എം.എല്‍.എ ഇ.കെ വിജയനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രദേശവാസികളുടെ കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."