പൊലിസ് സംരക്ഷണത്തില്‍ സര്‍വേ തുടരുന്നു
പള്ളിക്കല്‍: ഇന്നലെ ചേലേമ്പ്ര പഞ്ചായത്തില്‍ ദേശീയപാതയുടെ സ്ഥലമെടുപ്പ് സര്‍വേ പ്രതിഷേധങ്ങളില്ലാതെ പൂര്‍ത്തീകരിച്ചു. ജില്ലാ അതിര്‍ത്തിയായ ചേലേമ്പ്ര പഞ്ചായത്തിലെ ഇടിമൂഴിക്കലില്‍ അലൈന്‍മെന്റില്‍ അട്ടിമറിയുണ്ടെന്നാരോപിച്ചു പഞ്ചാത്ത് ഓഫിസിനു മുന്നില്‍ കുടില്‍ കെട്ടി സമരം നടക്കുന്നുണ്ട്. അതിനാല്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്തു വന്‍ പൊലിസ് സന്നാഹത്തിലായിരുന്നു സര്‍വേ.
കഴിഞ്ഞ ദിവസങ്ങളില്‍ നാലു കിലോമീറ്റര്‍ ദൂരത്തില്‍ സര്‍വേ നടത്തിയിരുന്നെങ്കിലും ഇടിമൂഴിക്കല്‍ ഭാഗത്തു നിര്‍ത്തിവച്ചതിനാല്‍ ചെട്ട്യാര്‍മാട് മുതല്‍ സ്പിന്നിങ് മില്ലിനടുത്ത് തിരുവങ്ങാട് ക്ഷേത്ര പരിസരംവരെ മൂന്നു കിലോ മീറ്റര്‍ ദൂരമാണ് ഇന്നലെ സര്‍വേ നടത്തിയത്. പൈങ്ങോട്ടൂര്‍ ഭാഗത്ത് ആശാരിക്കണ്ടിയില്‍ മൂന്നു കുടുംബ ക്ഷേത്രങ്ങളും ഒരു സര്‍പ്പക്കാവും സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാക്കഞ്ചേരി ടൗണിലെ നിരവധി സ്ഥാപനങ്ങളും ഇല്ലാതാകും. പ്രദേശത്തുള്ള രണ്ടു പെട്രോള്‍ പമ്പുകളുടെ ഭൂമി ഭാഗികമായി നഷ്ടപ്പെടും. എന്നാല്‍, കിന്‍ഫ്രയും സ്വകാര്യ ഗ്രൂപ്പിന്റെ പുതുതായി നിര്‍മിക്കുന്ന ആഭരണ നിര്‍മാണശാലയും സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടില്ല. പുതിയ അലൈന്‍മെന്റ് പ്രകാരം ഇന്നലെ നടന്ന സര്‍വേയില്‍ കാക്കഞ്ചേരിക്കും സ്പിന്നിങ് മില്ലിനുമിടയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളിലുള്ള നാലു കൊടും വളവുകള്‍ ഇല്ലാതാകുമെന്നതാണ് ഇവിടെ ഏറെ ആശ്വാസം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."